ജിദ്ദ വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക്‌ സുഖപ്രസവം

0
2844

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ യുവതിക്ക്‌
സുഖപ്രസവം. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകക്കാണ് ജിദ്ദ കിങ്‌ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ സുഖപ്രസവം നടന്നത്. ജിദ്ദ സെക്കന്റ് ഹെല്‍ത്ത് ക്ലസ്റ്ററിനു കീഴിലെ ജിദ്ദ വിമാനത്താവള ഹെല്‍ത്ത് മോണിട്ടറിങ്‌ സെന്ററുകള്‍ക്കു കീഴിലെ മെഡിക്കല്‍ സംഘമാണ് 31 കാരിയുടെ പ്രസവമെടുത്തത്.

സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

ഡ്യൂട്ടി ഡോക്ടര്‍ ഫവാസ് ആലമിന്റെ മേല്‍നോട്ടത്തില്‍ നഴ്‌സുമാരായ വലീദ് അഹ്മദ് അല്‍നുഅമിയും സാലിം മആതി അല്‍ഹര്‍ബിയും ഫതൂന്‍ അദ്‌നാന്‍ ബാഫേലും അടക്കമുള്ള മെഡിക്കല്‍ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്.

പ്രസവം പൂര്‍ത്തിയായ ശേഷം വിദഗ്ധ പരിചരണത്തിന് യുവതിയെയും നവജാതശിശുവിനെയും മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ കിങ്‌ അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സിലേക്ക് മാറ്റി.