കേരളം മതസൗഹാർദത്തിന്‍റെ മണ്ണാണ്, ഇവിടെ മുളക്കുന്നത് നന്മയുടെ വിത്തുകളാണ്, 20 സീറ്റുകളിൽ 19 സീറ്റുകൾ നൽകി കോൺഗ്രസിനെ ബലപ്പെടുത്തിയ കേരളത്തെ രാജ‍്യം ഉറ്റുനോക്കുന്നു; ഡി കെ ശിവകുമാർ

0
877

എടക്കര: കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിൽ 19 സീറ്റുകൾ നൽകി കോൺഗ്രസിനെ ബലപ്പെടുത്തിയ കേരളത്തെ രാജ‍്യം ഉറ്റുനോക്കുകയാണെന്ന് കർണാടക ഉപമുഖ‍്യമന്ത്രി ഡി.കെ.ശിവകുമാർ. വയനാട് പാർലമെന്‍റ് മണ്ഡലം സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ വഴിക്കടവിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം മതസൗഹാർദത്തിന്‍റെ മണ്ണാണ്. ഇവിടെ മുളക്കുന്നത് നന്മയുടെ വിത്തുകളാണ്. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ച ബി.ജെ.പി സർക്കാരാണ് രാജ‍്യം ഭരിക്കുന്നത്. രാജ‍്യം വലിയ പ്രയാസത്തിലൂടെയാണ് കടന്നുപോവുന്നത്. കോൺഗ്രസ് തിരിച്ചുവരേണ്ടതുണ്ട്. കോൺഗ്രസാണ് രാജ‍്യത്തിന്‍റെ ശക്തിയെന്ന് തിരിച്ചറിയണം. കർണാടകയിൽ മത്സരിക്കാൻ താൻ രാഹുലിനോട് ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ കേരളം സ്നേഹത്തിന്‍റെ മണ്ണാണെന്നും അവിടെ മത്സരിക്കുന്നത് അഭിമാനമാണെന്നുമായിരുന്നു രാഹുലിന്‍റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. എം.ഐ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.

എ.പി.അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് വി.എസ്. ജോയ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, എൻ.എ. കരീം, സി.എച്ച്. ഇഖ്ബാൽ, വി.എ. കരീം, പി.വി. മനാഫ്, ഹാരിസ് ബാബു ചാലിയാർ, ബാബു തോപ്പിൽ, ജസ്മൽ പുതിയറ, കോയണ്ണി വാളശേരി, സുനീർ മണൽപ്പാടം, സി.യു. ഏലിയാസ്, റഷീദ് വരിക്കോടൻ, കെ.പി. ലുഖ്മാൻ, ടി.കെ. ഹഫ്സത്ത് എന്നിവർ സംബന്ധിച്ചു.