അരവിന്ദ് കേജ്‌രിവാളിനു ഡൽഹി മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി

0
2770

ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാളിനു ഡൽഹി മുഖ്യമന്ത്രിയായി തുടരാം. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്നു ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണു ഹർജി തള്ളിയത്. 

അതേസമയം ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കേജ്‍രിവാളിനെ ഡൽഹി റോസ് അവന്യു കോടതിയിൽ ഹാജരാക്കി. കേജ്‍രിവാളിന്റെ ഭാര്യ സുനിതയും കോടതിയിലെത്തിയിട്ടുണ്ട്. മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കോടതിയിലെത്തി.

ഡൽഹി റോസ് അവന്യു കോടതിക്കു മുന്നിൽ വലിയ സുരക്ഷാവിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. തന്റെ അറസ്റ്റിനു പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞത്.

കേജ്‍രിവാള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. കേസിലെ മറ്റു പ്രതികൾക്കൊപ്പമിരുത്തി കേജ്‍രിവാളിനെ ചോദ്യം ചെയ്യണമെന്നും പഞ്ചാബിലെ മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്നും ഇ.ഡി വ്യക്തമാക്കി.