ഹാൾ ടിക്കറ്റ് ആട് തിന്നു; സ്കൂൾ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

0
1185

കർണാടക: പരീക്ഷാ ഹാൾ ടിക്കറ്റ് ആട് തിന്ന വിഷമത്തിൽ കർണാടകയിൽ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കർണാടകയിലെ ബിദർ ജില്ലയിലെ ഒൻപതാം ക്ലാസ്സുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം .

ഹാൾ ടിക്കറ്റ് ആട് തിന്നതിനാല്‍ പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും അതിനാൽ താൻ ആത്മഹത്യ ചെയ്യുന്നു എന്നും സ്കൂൾ ഹെഡ്മാസ്റ്റർക്ക് കത്ത് എഴുതിവെച്ചാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. സഹോദരൻ്റെ കൈയിലാണ് പതിനാലുകാരി ആത്മഹത്യാ കുറിപ്പ് നൽകിയത്. കുറിപ്പ് ഏൽപ്പിച്ച ശേഷം തിങ്കളാഴ്ച്ച രാത്രി ഏഴ് മണിയോടെ പെൺകുട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ സമീപത്തെ കൃഷിയിടത്തിലെ കിണറ്റിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ കുട്ടിക്ക് പരീക്ഷ എഴുതാനുള്ള അനുമതി നൽകുകയും നടപടിയിൽ ഉറപ്പ് വരുത്തുകയും ചെയ്തു.