എക്സിറ്റ് അടിച്ചത് അറിഞ്ഞില്ല; നാടണയാൻ പ്രവാസിയ്ക്ക് തുണയായി സാമൂഹിക പ്രവർത്തകർ

0
1796

റിയാദ്: 16 വർഷമായി കൃഷിയിടത്തിൽ (മസ്റ) ജോലി ചെയ്യുന്ന ദാമോദരന് നാടണയാൻ തുണയായത് കേളി കലാസാംസ്കാരിക വേദിയുടെ കൈസഹായം.  

2008ലാണ് തമിഴ്‌നാട് സ്വദേശി ദാമോദരൻ അൽഖർജിൽ മസ്റയിലെ ജോലിക്കായി എത്തിയത്. സൗദിയിൽ എത്തിയത് മുതൽ പാസ്പ്പോർട്ട് സ്പോൺസർ തന്നെയാണ് സൂക്ഷിക്കുന്നത്. മൂന്ന് വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുന്ന സമയത്ത് ടിക്കറ്റ് സഹിതം എയർപോർട്ടിൽ വച്ച് സ്പോൺസർ പാസ്പോർട്ട് കൈമാറും.  മൂന്നു തവണ നാട്ടിൽ പോയി മടങ്ങി വന്നിരുന്നു. 2017ലാണ് അവസാനമായി നാട്ടിൽ പോയത്.

2020ൽ കോവിഡിനെ തുടർന്ന് ജോലിക്ക് പ്രതിസന്ധി നേരിടുകയും സ്പോൺസർ മസ്റ അടച്ചു പൂട്ടുകയും ചെയ്തു. ദാമോദരന്റെ എക്സിറ്റ് അടിച്ചു എങ്കിലും വിവരങ്ങൾ അറിയിച്ചില്ല. ജോലി നഷ്ട്ടപ്പെട്ട ദാമോദരൻ ഇഖാമ ഉണ്ടെന്ന ധാരണയിൽ മറ്റു ജോലികൾ ചെയ്ത് വരികയായിരുന്നു.

2022ൽ നാട്ടിൽ പോകാനായി സ്പോൺസറെ സമീപിച്ചപ്പോൾ പാസ്പോർട്ട് തിരികെ നൽകി. തുടർന്ന് ടിക്കറ്റിനും റീ-എൻട്രിക്കുമായി ജനറൽ സർവീസിനെ സമീപിച്ചപ്പോഴാണ് 2020ൽ എക്സിറ്റ് അടിച്ചതായി അറിയുന്നത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് സുഹൃത്തുക്കൾ മുഖേന നിയമ സഹായത്തിനായി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുന്നത്. 

കേളി അൽഖർജ് ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയും എംബസിയിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തു. എക്സിറ്റ് ലഭിച്ച ശേഷം നാട് വിടാത്തതിനാൽ 1000 റിയാൽ പിഴ അടക്കേണ്ടതായി വന്നു. കേളി പ്രവർത്തകർ പിഴ അടക്കുന്നതിന്ന് വേണ്ട സഹായങ്ങൾ നൽകി. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെ എക്സിറ്റ് നേടുകയും ചെയ്തു. ലഭിച്ച സഹായങ്ങൾക്ക് നന്ദി പറഞ്ഞ ദാമോദരൻ ഏഴു വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു.