‘ഞാൻ നരേന്ദ്രമോഡി’ എനിക്ക് പിന്തുണ വേണം; മോഡിയുടെ ‘വാട്സാപ് സന്ദേശം’ ഗൾഫ്, അറബ് പൗരന്മാർക്കും: മെസേജ് കിട്ടിയ മറ്റു രാജ്യ പ്രവാസികൾക്ക് കൗതുകം, പ്രതികരണങ്ങൾ ‘രസികൻ’

0
3755

ദുബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാട്സാപ് സന്ദേശം ഗൾഫ് രാജ്യങ്ങളിലെ അറബ് പൗരന്മാർക്കും പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ പ്രവാസികൾക്കും ലഭിച്ചത് കൗതുകമായി.  ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ‍് ഇൻഫർമേഷൻ ടെക്നോളജിയുടെ വികസിത് ഭാരത് സമ്പർക്ക് എന്നെഴുതിയ വാട്സാപ് നമ്പരിൽ നിന്നാണ് മോദി സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള സന്ദേശമെത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യു.എ.ഇ പൗരന്മാർക്കു പുറമെ യു.എ.ഇയിൽ ജോലി ചെയ്യുന്ന വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാരും പാകിസ്താനി മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം ഇതേ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഖലീജ് ടൈംസ് ഉൾപ്പെടെയുള്ള യു.എ.ഇ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സന്ദേശമെന്തെന്ന് പെട്ടെന്ന് മനസിലാക്കാത്ത യുഎഇയിലെ പാക്കിസ്ഥാനികൾ ഇത്തിരി ആശങ്കപ്പെട്ടപ്പോൾ മറ്റു രാജ്യക്കാർക്കെല്ലാം ഇത് കൗതുകമായി. ഇൻസ്റ്റഗ്രാമിലെ ലവ് ഇൻ ദുബായ് എന്ന പേജിൽ സന്ദേശം എല്ലാവർക്കും ലഭിച്ച കാര്യം  മോദിയുടെ ചിത്രത്തോടൊപ്പം  പോസ്റ്റ് ചെയ്തപ്പോൾ അടിയിൽ വന്ന കമന്റുകൾ രസകരമാണ്.

കഴിഞ്ഞ ദിവസം മുതലാണ് സ്വദേശികൾക്ക് ഉള്‍പ്പെടെ ഭൂരിഭാഗം പേർക്കും  പ്രധാനമന്ത്രിയുടെ സന്ദേശം ഹിന്ദിയിലും ഇംഗ്ലിഷിലും ലഭിച്ചത്. ടെലികോം ഓറേറ്ററുകൾ വഴിയാണ് ഈ ഓട്ടോമാറ്റഡ് സന്ദേശം എല്ലാവർക്കും ലഭിച്ചത്. യുഎഇയിലെ യുവ ചലച്ചിത്ര പ്രവർത്തകനായ പാക്കിസ്ഥാൻ സ്വദേശി ഫൈസൽ ഹാഷ്മി തന്റെ ഇൻസ്റ്റഗ്രാം പേജിൽ മോദിയിൽ നിന്ന് ലഭിച്ച സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. ”ദുബായിലെ പകുതി ഇന്ത്യക്കാരുടെയും ഈ റാൻഡം ഓട്ടോമേറ്റഡ് മോദി വോട്ടിങ് സന്ദേശം ഇന്നലെ രാത്രി അവരുടെ നമ്പറിൽ ലഭിച്ചതായി തോന്നുന്നു.

ഒടുവിൽ എന്നെ ഇന്ത്യ മരുമകളായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നാണ് ഇന്ത്യക്കാരനെ വിവാഹം കഴിച്ച യുഎഇയിലെ പാക് സ്വദേശിനി സൈനബ് തമാശയായി പങ്ക് വെച്ചത്. എമറാത്തിയായ അലി ഫഹദ് തനിക്കും തന്റെ കൂട്ടുകാർക്കും സന്ദേശം ലഭിച്ചതായി വെളിപ്പെടുത്തി. യുഎഇയിൽ താമസിക്കുന്ന  മിറാ ത്രിമിത്തോവ് എന്ന ബള്‍ഗേറിയക്കാരിക്ക് തന്റെ ഫോൺ നമ്പർ എങ്ങനെ ഇന്ത്യൻ സർക്കാരിന് ലഭിച്ചു എന്നാണ് ആശ്ചര്യം. ഇത്തരമൊരു സന്ദേശം ലഭിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയെന്നാണ് റഷ്യക്കാരിയായ മിക്കിയുടെ വാക്കുകൾ.

ചിലർ തട്ടിപ്പ് ആണെന്നും കരുതി നമ്പർ ബ്ലോക്ക് ചെയ്തതായും കമന്റ് ചെയ്തു. തിരഞ്ഞെടുപ്പ് ചർച്ച പോലെയായി ചില കമന്റുകളും അതിനുള്ള മറ്റുള്ളവരുടെ മറുപടിയും.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റാണ് ഈ കത്ത് അയച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 140 കോടി ഇന്ത്യക്കാർ ഗവൺമെന്റിന്റെ വിവിധ പദ്ധതികളിൽ നിന്നും നയങ്ങളിൽ നിന്നും പ്രയോജനം നേടിയിട്ടുണ്ട്. ഭാവിയിലും അത് തുടരും. ഒരു വികസിത ഭാരതം എന്ന അഭിലാഷം നിറവേറ്റുന്നതിനായി  ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ നിങ്ങളുടെ പങ്കാളിത്തം നിർണായകമാണ്. അതിനാൽ വികസിത ഭാരതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദയവായി പങ്കിടാൻ അഭ്യർഥിക്കുന്നു–ഇതാണ് പിഡിഎഫ് ഫോർമാറ്റിലുള്ള വാട്സാപ്പ് സന്ദേശത്തിലുള്ളത്.

പാവപ്പെട്ടവരിലും കർഷകരിലും യുവതീയുവാക്കളിലും സ്ത്രീകളിലും 10 വർഷത്തെ ഭരണമുണ്ടാക്കിയ നേട്ടങ്ങൾ സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന, വൈദ്യുതി വിതരണം, എല്ലാവർക്കും എൽപിജി, ആയുഷ്മാൻ ഭാരത് മുഖേന സൗജന്യ ചികിത്സ, മാതൃവന്ദന യോജന തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കുന്നു.  കൂടാതെ, ജിഎസ്ടി, ആർടിക്കിൾ 370 റദ്ദ് ചെയ്തത്, മുത്തലാഖ്, നാരി ശക്തി വന്ദന നിയമം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം തുടങ്ങി ഇടതുപക്ഷ തീവ്രവാദം എന്നിവയെക്കുറിച്ചും പുതിയ പാർലമെന്റ് കെട്ടിടത്തെക്കുറിച്ചും പരാമർശിക്കുന്നു. തുടർന്നും എല്ലാവരുടെയും പിന്തുണ തേടിക്കൊണ്ടാണ് നരേന്ദ്രമോദി ഒപ്പിട്ട സന്ദേശം അവസാനിക്കുന്നത്.

അതേസമയം, വികസിത് ഭാരത് സമ്പർക്ക് എന്ന പേരിലുള്ള വാട്‌സ്ആപ്പ് അക്കൗണ്ടിൽനിന്ന് എത്തിയ സന്ദേശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. പെരുമാറ്റച്ചട്ട ലംഘനമാണെന്നാണു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചത്. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി.

മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക