തിരഞ്ഞെടുപ്പു പ്രഖ്യാപനം ഇന്ന് മൂന്നിന്

0
814

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് മൂന്നിനു പ്രഖ്യാപിക്കും. ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിക്കും.

ജമ്മു കശ്മീരിലും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുമോയെന്ന് ഇന്നറിയാം. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച അവിടം സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു.
ആഭ്യന്തര കലാപം തുടരുന്ന മണിപ്പുരിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ എന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നു.

നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം. 2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.

പുതിയ കമ്മിഷണർമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് കമ്മിഷനിലെ പുതിയ അംഗങ്ങളായി മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ് സന്ധുവും ചുമതലയേറ്റു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ്കുമാറുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. രാജീവ്കുമാറാകും ഇന്ന് തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുക.