ജിദ്ദ: റമദാനിലെ ഇഫ്താർ വേളയിൽ വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ ഏകദേശം 27 ശതമാനം വർധിച്ചതായി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്സ് വ്യക്തമാക്കി. പുണ്യമാസത്തിൽ പ്രഭാത പ്രാർത്ഥനയ്ക്ക് (ഫജ്ർ) വിളിക്കുന്നതിന് മുമ്പ് റോഡപകട മരണങ്ങളിൽ 10 ശതമാനം വർധനയുണ്ടെന്നും സൂചിപ്പിച്ചു.
വാഹനമോടിക്കുമ്പോൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. 2024 ഫെബ്രുവരി മാസത്തിൽ റോഡ് പ്രോജക്റ്റുകളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 112-ലധികം പരിശോധനാ ടൂറുകളും അനുബന്ധ പ്രവർത്തനങ്ങളും നടത്തി, റോഡ് പദ്ധതികളുടെ രൂപരേഖകൾ അവലോകനം ചെയ്യുന്നതിനുള്ള 38 പ്രവർത്തനങ്ങളും റോഡ് നിർമ്മാണത്തിനായുള്ള ഒമ്പത് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
റോഡ് നിർമാണ സാമഗ്രികൾ നിർമിക്കുന്ന 32 ഫാക്ടറികളിലും 33 റോഡ് പദ്ധതികളിലും അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഗുണനിലവാരത്തിൻ്റെയും സുരക്ഷയുടെയും നിലവാരം ഉയർത്തുക, ഗുണനിലവാര സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കുന്നത് ഉറപ്പാക്കുക, റോഡുകളുടെ നിയന്ത്രണത്തിൻ്റെയും മേൽനോട്ടത്തിൻ്റെയും നിലവാരം വർദ്ധിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്.
