ചുവട് വച്ച് കേരള-ഗൾഫ് കപ്പൽ സർവീസ്; 10,000 രൂപയ്ക്ക് ഗൾഫിൽ നിന്ന് കേരളത്തിലെത്താം

0
3167

ദുബായ്: പ്രവാസി മലയാളികൾ ഇന്ന് ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള–ഗൾഫ് കപ്പൽ സർവീസ് യാഥാർഥ്യത്തിലേക്ക് ഒരു ചുവടുകൂടി വച്ചു. കേരളത്തിലെ വിഴിഞ്ഞം, ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് യാത്രാ കപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് കേരള സർക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോർഡ് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപായി അപേക്ഷ ഒാൺലൈനായും അല്ലാതെയും സമർപ്പിച്ചിരിക്കണമെന്നാണ് അറിയിപ്പ്. വലിപ്പമുള്ളത്, സാമാന്യം വലിപ്പമുള്ളത്, ചെറുത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള കപ്പലുകൾക്കാണ് അപേക്ഷ നൽകേണ്ടത്. www.kmb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോറം ഡൗൺലൗഡ് ചെയ്തെടുക്കാം. ഇതുസംബന്ധമായി കൂടുതൽ കാര്യങ്ങൾ അറിയാനുണ്ടെങ്കിൽ ചീഫ് എക്സി.ഒാഫിസർ, കേരള മാരിടൈം ബോർഡ്, ടിസി XX11/1666(4&5), ഒന്നാം നില, മുളമൂട്ടിൽ ബിൽഡിങ്, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം–695010 എന്ന വിലാസത്തിലോ,  9544410029 എന്ന ഫോൺ നമ്പരിലോ അതുമല്ലെങ്കിൽ ഇ മെയിലിലോ(kmb.kerala@gmail.com) ബന്ധപ്പെടാം.