റിയാദ്: രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നിർണ്ണായക സംഭാവന നൽകുന്ന പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഉടനെ ഒരുക്കണമെന്ന് റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവാൻ പ്രവാസികൾക്കും അവകാശമുണ്ടെന്നും രാജ്യത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം പ്രവാസികളാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം വേഗത്തിൽ യഥാർഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ദേശീയ പാത വികസനത്തിന്റ ഭാഗമായി രണ്ടത്താണിയിൽ അടിപ്പാത നിർമ്മിക്കാത്തതിനാൽ പ്രദേശവാസികൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടത്താണി ടൗൺ, സ്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫീസ് ആരാധനാലയം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും ഇത് പരിഹരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ്തുത വിഷയം പാർലമെന്റിൽ അവതരിപ്പിച്ച ഇ. ടി മുഹമ്മദ് ബഷീർ എം. പി, നിയമ സഭയിൽ അവതരിപ്പിച്ച പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ എന്നിവരെ യോഗം അഭിനന്ദിച്ചു.
റമദാനിൽ കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന സി. എച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് കളക്ഷൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. മാർച്ച് 29 ന് കോട്ടക്കൽ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകർക്കായി ഇഫ്താർ പരിപാടി നടത്താനും യോഗം തീരുമാനിച്ചു. ലോകസഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഡോ. അബ്ദുസ്സമദ് സമദാനിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു.
