റിയാദ്: എണ്ണയടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ കണ്ടെടുത്ത ശേഷമാണ് സഊദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വികസന കുതിപ്പ് നടത്തിയത്. ഖനനത്തിന് വേണ്ടി അറബ് രാജ്യങ്ങളെ സഹായിക്കാന്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും സാങ്കേതിക സഹായമെത്തിയതോടെ ഖനനം വേഗത്തിലായി. ഇന്ന് ലോകത്തെ സമ്പത്ത് നിയന്ത്രിക്കുന്നതില്‍ പ്രധാനികളാണ് ജിസിസി രാജ്യങ്ങള്‍. പ്രത്യേകിച്ച് സഊദി അറേബ്യ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
എണ്ണ വിഭവത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യ മറ്റു ജിസിസി രാജ്യങ്ങളേക്കാള്‍ ഒരടി മുന്നിലാണ്. എന്നാല്‍ പ്രകൃതി വാതകത്തിന്റെ കാര്യത്തില്‍ ഖത്തര്‍ ആണ് ജിസിസി രാജ്യങ്ങളില്‍ മുന്നിലുള്ളത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത ഖത്തര്‍ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്കും ആവേശമുണ്ടാക്കുന്നതാണ്. സഊദി അറേബ്യയില്‍ വന്‍തോതില്‍ പ്രകൃതി വാതക ശേഖരം കണ്ടെത്തിയിരിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക ശേഖരമുള്ള രാജ്യം റഷ്യയാണ്. മൊത്തം ലോകത്ത് കണ്ടെത്തിയതില്‍ 24 ശതമാനം വാതകവും റഷ്യയിലാണ്. തൊട്ടുപിന്നിലാണ് ഇറാന്‍. പക്ഷേ, അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമടക്കമുള്ള വെല്ലുവിളി ഇറാനെ പ്രതിസന്ധിയിലാക്കുന്നു. ഖത്തര്‍ ആണ് വാതകത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 12.5 ശതമാനം വാതകം ഖത്തറിലാണ്.
അമേരിക്ക, സഊദി അറേബ്യ, തുര്‍ക്ക്‌മെനിസ്താന്‍, യുഎഇ, വെനസ്വേല, നൈജീരിയ, ചൈന എന്നിങ്ങെയാണ് പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങള്‍. എന്നാല്‍ ഇന്ന് പുറത്തുവന്നിരിക്കുന്ന വിവരം സഊദി അറേബ്യയ്ക്കും ജിസിസി രാജ്യങ്ങള്‍ക്കും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. സഊദി അറേബ്യയുടെ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം പുറത്തുവിട്ടത്.
സഊദി അറേബ്യയുടെ ഓയില്‍ കമ്പനിയായ അരാംകോയുടെ നിയന്ത്രണത്തിലുള്ള ജഫുറ പാടത്താണ് പുതിയ വാതക ശേഖരം. 229 ലക്ഷം കോടി ക്യുബിക് അടി വാതകമാണ് ഇവിടെയുള്ളതത്രെ. കൂടാതെ 7500 കോടി ബാരല്‍ ദ്രവ്യ വാതകവും. ഇവ ഖനനം ചെയ്യാനും സംസ്‌കരിച്ച് ഉപയോഗപ്രദമാക്കാനുമുള്ള ശ്രമത്തിലാണ് സഊദി അറേബ്യ.
ഷെയില്‍ വാതക മേഖലയിലെ സാങ്കേതിക വിദ്യ ഉപയോഗിച്ചാലേ ഇവ സംസ്‌കരിക്കാന്‍ സാധിക്കൂ. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഷെയില്‍ വാതകമുള്ളത്. അമേരിക്കക്ക് പുറത്ത് സഊദി അറേബ്യയിലെ ജഫുറയിലും. ഷെയില്‍ പാറയെ തെര്‍മല്‍ ഡിസൊലൂഷന്‍ ഉള്‍പ്പെടെയുള്ള പ്രകൃയകള്‍ക്ക് വിധേയമാക്കി നിര്‍മിക്കുന്നതാണ് ഷെയില്‍ വാതകവും ഷെയില്‍ എണ്ണയും. ഇവയിലെ മാലിന്യം നീക്കം ചെയ്താല്‍ വേഗം ഉപയോഗപ്രദമാകും.
ജാഫുറയിലെ വാതക ഖനനത്തിനും മറ്റുമായി 11000 കോടി ഡോളര്‍ ആവശ്യമാണെന്ന് സഊദി അറേബ്യ 2020ല്‍ അറിയിച്ചിരുന്നു. 2030 ആകുമ്പോഴേക്കും രാജ്യത്തെ ഇഥൈന്‍ ഉല്‍പ്പാദനം പ്രതിദിനം 420 ദശലക്ഷം ക്യുബിക് അടിയായി ഉയര്‍ത്താനാണ് സഊദി അരാംകോ ലക്ഷ്യമിടുന്നത്. ജഫൂറയില്‍ നിന്ന് പ്രതിദിനം 6.3 ലക്ഷം ബാരല്‍ ദ്രവ്യ വാതകം പ്രതിദിനം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക