തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍. സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് നൂറു കോടിയോളം രൂപ പിണറായി വിജയന്‍ കൈപ്പറ്റി എന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. മുഖ്യമന്ത്രി സിഎംആര്‍എല്‍ കമ്പനിക്കായും അവര്‍ പ്രമോട്ട് ചെയ്യുന്ന കെആര്‍എംഇഎല്‍ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടല്‍ നടത്തി എന്നും അദ്ദേഹം ആരോപിച്ചു.
‘മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണ്. വീണ വിജയന്‍ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലില്‍ നിര്‍ത്തുന്നത്,’ കുഴല്‍നാടന്‍ ചോദിച്ചു. ഈ വിഷയത്തില്‍ സംവാദത്തിന് വരാന്‍ തയ്യാറുണ്ടോ എന്ന് മന്ത്രിമാരായ പി രാജീവിനെയും എം ബി രാജേഷിനെയും കുഴല്‍നാടന്‍ വെല്ലുവിളിക്കുകയും ചെയ്തു.
ഭൂപരിധി ചട്ടത്തില്‍ ഇളവുതേടിയ കെആര്‍ഇഎംഎല്‍ കമ്പനിക്കായി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടല്‍ നടത്തി എന്ന് അദ്ദേഹം ആരോപിച്ചു. കെആര്‍ഇഎംഎല്‍ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കര്‍ ഭൂമിക്ക് വേണ്ടി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടു എന്നാണ് കുഴല്‍നാടന്റെ ആരോപണം. 20 വര്‍ഷമായി ആലപ്പുഴ ജില്ലയില്‍ കെആര്‍ഇഎംഎല്‍ കമ്പനി 60 ഏക്കര്‍ ഭൂമി കൈവശംവച്ചിരിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂപരിഷ്‌ക്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമി 15 ഏക്കറാണ് എന്നിരിക്കെ ഇതെങ്ങനെ സാധ്യമായി എന്നാണ് കുഴല്‍നാടന്‍ ചോദിക്കുന്നത്. 2021 ല്‍ റവന്യൂ വകുപ്പ് കമ്പനിയുടെ അപേക്ഷ തള്ളിയതിന് ശേഷം മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും ഭൂമി ഇളവു നല്‍കാന്‍ യോഗം വിളിച്ചെന്നും നിയമങ്ങളില്‍ ഭേദഗതി ചെയ്യാനുള്ള കുറിപ്പ് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വെച്ചു എന്നുമാണ് അദ്ദേഹം പറയുന്നത്.
കമ്പനിക്ക് കരിമണല്‍ ഖനത്തിന് ലഭിച്ച കരാര്‍ 2004 ല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയതാണ് എന്നും പിന്നീട് വന്ന വി എസ് സര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാരും സ്വകാര്യ കമ്പനികള്‍ക്ക് ഖനനത്തിന് അനുവാദം നല്‍കേണ്ടതില്ലെന്നാണ് തീരുമാനിച്ചത് എന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. കരാര്‍ റദ്ദാക്കാന്‍ സുപ്രീംകോടതിയില്‍ നിന്നും സര്‍ക്കാരിന് അനുകൂലമായി തീരുമാനമുണ്ടായി.
എന്നാല്‍ പിണറായി സര്‍ക്കാര്‍ കരാര്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തിയെന്നും അത് എന്തിനാണെന്ന് സിപിഎമ്മോ മുഖ്യമന്ത്രിയോ ഇതുവരെ മറുപടി നല്‍കിയിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. 40000 കോടി രൂപയുടെ കരിമണല്‍ ഖനനം ചെയ്‌തെന്നും സംസ്ഥാനത്തിന് ഇതുവഴി വലിയ നഷ്ടമുണ്ടായി എന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന 135 കോടിയുടെ സിംഹഭാഗവും നല്‍കിയത് പി വിക്കാണെന്ന പരാമര്‍ശത്തിലെ പി വി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.