റിയാദ്: ഇസ്റാഈൽ -ഹമാസ് യുദ്ധത്തിൽ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ അഭയം തേടിയ ഗസ മുനമ്പിലെ തെക്കൻ നഗരമായ റഫയ്ക്ക് നേരെ ആക്രമണം നടത്താനുള്ള ഇസ്റാഈൽ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സഊദി അറേബ്യ. വൻ ദുരന്തം വരുത്തുന്ന ആക്രമണം നടത്തിയാൽ അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സഊദി അറേബ്യ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്രൂരമായ ഇസ്റാഈൽ ആക്രമണത്തിൽ പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് സിവിലിയൻമാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ബോധപൂർവമായ ലംഘനങ്ങളാണ് നടക്കുന്നത്. ആസന്നമായ ഒരു മാനുഷിക ദുരന്തം ഉണ്ടാക്കുന്നതിൽ നിന്ന് ഇസ്റാഈലിനെ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉടൻ യോഗം ചേരണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു.
ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി അപലപിക്കുന്നതായും ഇതിനെ ശക്തമായി എതിർക്കുമെന്നുമുള്ള സഊദിയുടെ ദൃഢനിശ്ചയം വിദേശകാര്യമന്ത്രാലയ ആവർത്തിച്ചു. ഗസയിലെ 2.4 ദശലക്ഷം ജനങ്ങളിൽ പകുതിയും ഇപ്പോൾ റഫാ നഗരത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. പലരും പുറത്ത് ടെന്റുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമാണ് ഉറങ്ങുന്നതും ജീവിതം തള്ളി നീക്കുന്നതും. ഭക്ഷണം, വെള്ളം, ശുചിത്വം എന്നിവയുടെ അഭാവത്തെക്കുറിച്ച് ഇവിടെയുള്ള സാധാരണ ജനം ആശങ്കാകുലരാണ്.
റഫയില്‍നിന്ന് സിവിലിയന്‍മാരെ ഒഴിപ്പിക്കാന്‍ ഇസ്റാഈൽ പദ്ധതി തയാറാക്കുകയാണ്. നേരത്തെ തെക്കന്‍ ഗസയില്‍നിന്ന് ഇസ്റാഈൽ നിര്‍ബന്ധിച്ച് കുടിയിറക്കിയവരാണ് റഫ അടക്കമുള്ള വടക്കന്‍ ഗസയിലെ പ്രദേശങ്ങളില്‍ ഉള്ളത്. ഇനി ഇവിടെനിന്ന് ഇവര്‍ എങ്ങോട്ടുപോകുമെന്ന് അറിയില്ല. പോകാന്‍ ഒരു സ്ഥലവുമില്ലെന്നതാണ് യാഥാർഥ്യം. റഫയില്‍നിന്ന് സാധാരണക്കാരെ ഓടിക്കാനും ഹമാസ് പോരാളികളെ നേരിടാനുമുള്ള ദ്വിമുഖ പദ്ധതിക്കാണ് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചെമിന്‍ നെതന്യാഹു സൈന്യത്തോട് പറഞ്ഞിരിക്കുന്നത്.
അതിനിടെ, ഇസ്റാഈൽ വ്യോമാക്രമണത്തില്‍ മരണക്കൂമ്പാരമായി മാറുകയാണ് റഫ. റഫ നഗരത്തിലുടനീളം, പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ ബോംബാക്രമണമാണ് ഇസ്റാഈൽ നടത്തുന്നത്. വാസയോഗ്യമായ വീടുകളാണ് സൈന്യം ലക്ഷ്യമിട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക