കെഎംസിസി പരിപാടിയിൽ പ്രസംഗിക്കുന്നതിന് ഫാത്തിമ തഹലിയക്ക് ഇന്ത്യൻ എംബസിയുടെ വിലക്ക്

0
8930

ഫാത്തിമ തഹലിയയെ പരിപാടിയിൽ പ്രസംഗിക്കാൻ അനുവദിച്ചാൽ കെ.എം.സി.സിയുടെ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പ് എംബസി അധികൃതർ നൽകി എന്നാണ് വിവരം

കോഴിക്കോട്: ഖത്തറിൽ കെ.എം.സി.സി ചടങ്ങിൽ പ്രസംഗിക്കാനെത്തിയ മുസ്‌ലിം ലീഗ് നേതാവ് ഫാത്തിമ തഹലിയ പരിപാടിയിൽ സംസാരിക്കാതിരുന്നത് ഇന്ത്യൻ എംബസി വിലക്ക് മൂലമാണെന്ന് റിപ്പോർട്ട്. ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാവിംഗ് ഇക്കഴിഞ്ഞ എട്ടിന് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫാത്തിമ തഹലിയക്കാണ് എംബസി വിലക്ക് ഏർപ്പെടുത്തിയത്. ഫാത്തിമ തഹലിയയെ പരിപാടിയിൽ പ്രസംഗിക്കാൻ അനുവദിച്ചാൽ കെ.എം.സി.സിയുടെ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്ന മുന്നറിയിപ്പ് എംബസി അധികൃതർ നൽകി എന്നാണ് വിവരം. ഖത്തറിലെ മാധ്യമ പ്രവർത്തകൻ അഷ്‌റഫ് തൂണേരി ഫെയ്‌സ്ബുക്കിൽ ഇതേ കുറിച്ച് വെളിപ്പെടുത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഫാത്തിമ തഹലിയയുടെ പ്രസംഗഭാഗം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ എംബസി വിലക്ക് ഏർപ്പെടുത്തിയതെന്ന് ഖത്തറിലെ മാധ്യമ പ്രവർത്തകൻ അഷ്‌റഫ് തൂണേരി ഫെയ്‌സ്ബുക്കിൽ കുറിച്ചു. എംബസിയുടെ സാമൂഹിക സംഘടനാ ചുതമലയുള്ള ഉന്നത ഉദ്യോഗസ്ഥൻ കെ.എം.സി.സി സംസ്ഥാന നേതാക്കളേയും ഐ.സി.സി ഭാരവാഹികളേയും വിളിച്ച് പരിപാടിയിൽ അഡ്വ. തഹ്‌ലിയയെ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാൽ കെ.എം.സി.സിയുടെ ഇന്ത്യൻ എംബസി അഫിലിയേഷൻ റദ്ദാക്കുമെന്നും ഭീഷണി മുഴക്കുകയായിരുന്നുവെന്നും അഷ്‌റഫ് പറഞ്ഞു.

ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിംഗാണ് അബൂഹമൂറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ എംബ്രയിസ് 2024 എന്ന പരിപാടി സംഘടിപ്പിച്ചത്. ഇതിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു തഹലിയ. ഈ പരിപാടിയുടെ പ്രചാരണ ഭാഗമായുള്ള ഒരു വീഡിയോയിൽ ഏക സിവിൽകോഡ് നടപ്പിലാക്കുന്നതിനെതിരെ ഫാത്തിമ നടത്തിയ പ്രഭാഷണ ശകലം ചേർത്തിരുന്നു. ഇതാണ് എംബസിയെ പ്രകോപിപ്പിച്ചത്. 

ഇതേ തുടർന്ന് ഫാത്തിമയെ പരിപാടിയിൽനിന്ന് കെ.എം.സി.സി  മാറ്റുകയായിരുന്നു. എംബസി നിർദ്ദേശപ്രകാരമാണ് പരിപാടിയിൽനിന്ന് മാറ്റിയത് എന്ന് പുറത്തുപറയരുതെന്ന വിലക്കും തഹലിയക്കുണ്ട്. ഖത്തറിലുള്ള ഫാത്തിമ തഹലിയ അടുത്ത ദിവസം കേരളത്തിൽ തിരിച്ചെത്തും. 

അഷ്‌റഫ് തൂണേരി ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ 👇

ഏക സിവില്‍കോഡിനെതിരെ സംസാരിച്ച അഡ്വ.ഫാത്തിമ തഹ്‌ലിയക്ക്
Fathima Thahiliya  ഖത്തറില്‍  ഇന്ത്യന്‍ എംബസി വിലക്ക് (സംഗതി ആരും പുറത്ത് പറയരുത്)

ഖത്തര്‍ കെ.എം.സി.സി പരിപാടിയുടെ പ്രചാരണ വീഡിയോയില്‍ ഏകസിവില്‍കോഡിനെതിരെ പരാമര്‍ശം നടത്തിയെന്ന പേരില്‍ സുഹൃത്ത് അഡ്വ.ഫാത്തിമ തഹ്‌ലിയ ദോഹയിലെ ചടങ്ങില്‍ നിന്ന് വിലക്കി ഇന്ത്യന്‍ എംബസി.
ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിംഗ് 2024 ഫെബ്രുവരി എട്ടിന് വൈകീട്ട് ആറിന് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച എംബ്രയിസ് 2024 എന്ന പരിപാടി മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.  പരിപാടിയുടെ പ്രചാരണ ഭാഗമായുള്ള ഒരു വീഡിയോയില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുന്നതിനെതിരെ നടത്തിയ പ്രഭാഷണം ചൂണ്ടിക്കാണിച്ചാണ് ഇന്ത്യന്‍ എംബസിയുടെ സാമൂഹിക സംഘടനാ ചുതമലയുള്ള ഉന്നത ഉദ്യോഗസ്ഥന്‍ കെ.എം.സി.സി സംസ്ഥാന നേതാക്കളേയും ഐ.സി.സി ഭാരവാഹികളേയും വിളിച്ച് പരിപാടിയില്‍ അഡ്വ. തഹ്ലിയയെ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാല്‍ കെ.എം.സി.സിയുടെ ഇന്ത്യന്‍ എംബസി അഫിലിയേഷന്‍ റദ്ദാക്കുമെന്നും ഭീഷണി മുഴക്കിയത്. ഇതോടെ പേടിച്ച് വിറച്ച നേതാക്കള്‍ പരിപാടിയില്‍ നിന്ന് തഹ്ലിയയെ വിദഗ്ദ്ധമായി ഒഴിവാക്കി. ഫാത്തിമ തഹ്ലിയക്ക് തൊണ്ടവേദനയാണെന്നും പനിയാണെന്നും അണികളോട് ‘സഹീഹായ’ പച്ചക്കള്ളവും പറഞ്ഞു.
”യൂണിഫോം സിവില്‍ കോഡിലൂടെ മുസ്ലിംകള്‍ മാത്രമല്ല പ്രകോപിതരാവുന്നത്. ബി.ജെ.പി ഓര്‍ക്കണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള ആളുകള്‍, ആദിവാസികള്‍, ഗോത്ര വര്‍ക്കാര്‍, ഗിരിവര്‍ഗ്ഗക്കാര്‍ ഇവരെയൊക്കെ പിണക്കി യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുക പ്രായോഗികമല്ല. ഇത് തന്നെയാണ് യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഏറ്റവും വലിയ പ്രതിസന്ധി….” എന്ന് പറയുന്ന വീഡിയോ (താഴെ കേൾക്കാം) ആണത്രെ ‘ജനാധിപത്യ-മതേതര-നാനാത്വത്തില്‍ ഏകത്വ’ ഇന്ത്യന്‍ എംബസിക്ക് കളങ്കമായി ഭവിച്ചത്. 
കുറച്ചുമുമ്പ് മുന്‍ എം.എല്‍.എ എം.സ്വരാജും സുധാ  മേനോനും സുനില്‍ പി ഇളയിടവും ഉള്‍പ്പെടെ മറ്റനേകം പ്രഭാഷകര്‍ ഇതേ ഐ.സി.സി.യില്‍ അതിരൂക്ഷമായി സംഘ്പരിവാരിനെതിരെ സംസാരിച്ചിരുന്നുവെങ്കിലും അവര്‍ക്കൊന്നുമില്ലാത്ത വിലക്ക് തഹ്‌ലിയയെ മാത്രം ബാധിക്കുന്നതെങ്ങിനെ എന്ന് ചോദിക്കാന്‍ ഒരു കെ.എം.സി.സി നേതാവിനും നാവ് പൊങ്ങാത്തതിന് ഏവര്‍ക്കും നല്ല നമസ്‌കാരം. സംഗതി പെട്ടെന്നൊന്നും ലീക്കാക്കരുതെന്ന് മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞ മഹത്തുക്കള്‍ക്ക് വീണ്ടും നമോവാകം. (തല്ലിക്കൊന്നിട്ടും ചുട്ടുകൊന്നിട്ടും മരിക്കാതെ ബാക്കിയുള്ള ദരിദ്രനാരായണന്മാരായ മുസ്ലിം-ആദിവാസി-ദലിത് ന്യൂനപക്ഷങ്ങള്‍ക്കും, വിലാസമില്ലെന്ന തിട്ടൂരത്തില്‍ തുലാസില്‍ ജീവിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യര്‍ക്കും, പൊളിക്കാതെ ബാക്കിയുള്ള പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും ജൈന ക്ഷേത്രങ്ങള്‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു).

ഫെസ്ബുക്ക് പോസ്റ്റും വീഡിയോയും കാണാം, ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക