അജ്മീര്‍ ദര്‍ഗ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് വലതുപക്ഷ ഹിന്ദു സംഘടന

0
3523

ജയ്പൂര്‍: അജ്മീറില്‍ സ്ഥിതിചെയ്യുന്ന അജ്മീര്‍ ദര്‍ഗ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് വലതുപക്ഷ ഹിന്ദു സംഘടന രംഗത്തുവന്നു. അജ്മീറിലെ ഹിന്ദു വലതുപക്ഷ സംഘടനയായ ‘മഹാരണ പ്രതാപ് സേന’യുടെ പ്രസിഡന്റ് രാജ്വര്‍ധന്‍ സിംഗ് പര്‍മര്‍ ആണ് ഈ അവകാശവാദം ഉന്നയിക്കുന്നത്. അജ്മീര്‍ ദര്‍ഗ ഒരു ‘വിശുദ്ധ ഹിന്ദു ക്ഷേത്രം’ ആണെന്ന് അവകാശപ്പെട്ട് ഇയാള്‍ അടുത്തിടെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

ഹിന്ദു വലതുപക്ഷ ബ്ലോഗ് വെബ്‌സൈറ്റായ ഹിന്ദു പോസ്റ്റില്‍ ‘അജ്മീറിലെ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗ സമുച്ചയം നശിപ്പിക്കപ്പെട്ട ഹിന്ദു-ജൈന മന്ദിറുകള്‍ക്ക് മുകളിലാണോ നിര്‍മ്മിച്ചിരിക്കുന്നത്?’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു.

‘അജ്മീറിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കുന്ന ഏതൊരു ഹിന്ദുവും യഥാര്‍ത്ഥത്തില്‍ ഒരു പുരാതന മഹാദേവ ക്ഷേത്രത്തിന്റെ അവഹേളനവും നശീകരണവും ആഘോഷിക്കുകയാണ്. ശവകുടീരം മാത്രമല്ല, വാസ്തവത്തില്‍ മുഴുവന്‍ സമുച്ചയവും നിര്‍മ്മിച്ചിരിക്കുന്നത് മുസ്‌ലിം ആക്രമണകാരികള്‍ തകര്‍ത്ത ഹിന്ദു, ജൈന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ്- ലേഖനത്തില്‍ പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട് രാജ്‌വര്‍ധന്‍ സിംഗ് പര്‍മര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മക്ക് കത്തയച്ചു. അജ്മീര്‍ ദര്‍ഗയില്‍ അന്വേഷണം വേണമെന്ന് സംഘടന ഏറെ നാളായി ആവശ്യപ്പെട്ടിരുന്നതായി കത്തില്‍ പര്‍മര്‍ വ്യക്തമാക്കി.