ന്യൂഡല്‍ഹി: വീടിന് തീപിടിച്ച് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. ഗൗരി സോനി (40), മകന്‍ പ്രഥം (17), രചന (28) ഇവരുടെ ഒന്‍പതുമാസം പ്രായമുള്ള മകന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയിലെ ഷഹ്‌റദാ പ്രദേശത്താണ് അപകടമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയിലും മറ്റും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. അഞ്ചോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
വീടിന്റെ ഒന്നാം നിലയില്‍ സൂക്ഷിച്ചിരുന്ന റബ്ബര്‍- കട്ടിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ പരിസരവാസികളുടെ സഹായത്തോടെയാണ് കെട്ടിടത്തിനുള്ളില്‍ നിന്നും മൂന്നുപേരെ രക്ഷപെടുത്തിയത്.
ഇതിനുശേഷം അഗ്നിരക്ഷാസേന എത്തി ഒരു കുട്ടിയേയും ബാക്കി മൂന്നുപേരെയും പുറത്തെത്തിച്ചു. ഉടന്‍ തന്നെ എല്ലാവരെയും അടുത്തുള്ള ജി.ടി.ബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നാലു പേര്‍ മരണപ്പെടുകയായിരുന്നു.