‘തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും’; മുഈൻ അലി തങ്ങള്‍ക്കെതിരെ വധഭീഷണി

0
4714

മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെ ഫോണില്‍ ഭീഷണി സന്ദേശം. പാർട്ടി നേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കിൽ വീൽചെയറിൽ പോകേണ്ടിവരുമെന്നും ഇനി പുറത്തിറങ്ങാൻ ആകില്ലെന്നുമാണ് ഭീഷണി സന്ദേശം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലേക്കും ഇനി നീങ്ങുമെന്ന് സന്ദേശത്തിൽ പറയുന്നു. ‘തങ്ങളെ ഈ പോക്ക് പോകാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും. തങ്ങള്‍ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകില്ല.നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കില്ല’ എന്നായിരുന്നു ഫോണില്‍ അയച്ച ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

മുസ്‌ലിം ലീഗ് പ്രവർത്തകനായ റാഫി പുതിയ കടവിൽ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈൻ അലി ആരോപിച്ചു. ഭീഷണി സന്ദേശം മുഈൻ അലി തങ്ങൾ മലപ്പുറം പൊലീസിന് കൈമാറി. സമസ്ത വിഷയത്തിൽ പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ പരോക്ഷ വിമർശനവുമായി മുഈൻ അലി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ 2021 ൽ ലീഗ് ഹൗസിൽ വച്ച് മുഈൻ അലി തങ്ങൾക്കെതിരെ റാഫി പ്രതിഷേധിച്ചിരുന്നു.

നേരത്തെ മുഈനലി തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയകടവ്. ഇതിന് പിന്നാലെ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യവിഷൻ ആക്രമണക്കേസിലും പ്രതിയാണ് റാഫി പുതിയകടവ്.

പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിൽ കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ പരോക്ഷ മറുപടി നൽകിയിരുന്നു. ആരുമിവിടെ കൊമ്പുവെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലാണ്. പ്രായമാവുന്നതിന് അനുസരിച്ച് കാഴ്ച്ചയ്ക്ക് മങ്ങല്‍ വരുമെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാല്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് വധഭീഷണി പരാതി.

നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചു തൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന സമദാനിയുടെ പരാമര്‍ശത്തിലും വിമര്‍ശനം നടത്തിയിരുന്നു. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും മു ഈനലി തങ്ങള്‍ പറഞ്ഞിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക