തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ മോദി പങ്കെടുത്തു.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മീനൂട്ട് വഴിപാട് നടത്തിയ പ്രധാനമന്ത്രി, വേദപഠനം നടത്തുന്നവരുടെ വേദാർച്ചനയിലും പങ്കെടുത്തു. ശ്രീരാമ ഭജനവും ആസ്വദിച്ചു. അയോധ്യയിൽ പ്രാണ പ്രതിഷ്ഠ നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ഗുരുവായൂരിൽ നിന്നും ഹെലികോപ്റ്ററിൽ വലപ്പാട് സ്കൂൾ ഗ്രൗണ്ടിൽ എത്തിയ അദ്ദേഹം, അവിടെ നിന്നും കാറിലാണ് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. രണ്ടു ഹെലികോപ്റ്ററുകളിലാണ് പ്രധാനമന്ത്രിയും സംഘവും തൃപ്രയാറിൽ എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ ശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായിരുന്നു.
എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി, ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തി വിശ്രമത്തിനുശേഷമാണ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വന്‍ ജനക്കൂട്ടമാണ് കാത്തുനിന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി.
തൃപ്രയാർ ക്ഷേത്ര ദർശനം കഴിഞ്ഞ് കൊച്ചിയിലേക്കുള്ള മടക്കയാത്രയിൽ, കാറിന്റെ ഡോർ തുറന്ന് ഫുട്ട് സ്റ്റെപ്പിൽ എഴുന്നേറ്റുനിന്ന് പുറത്തു തടിച്ചുകൂടിയവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. മണിക്കൂറുകളോളം കാത്തു നിന്നവർക്ക് പ്രധാനമന്ത്രിയുടെ അഭിവാദ്യം ആവേശമായി. റോഡ് ഷോയ്ക്ക് സമാനമായിരുന്നു പ്രധാനമന്ത്രിയുടെ തൃപ്രയാറിൽ നിന്നുള്ള മടക്കം.