വയനാട്ടില്‍ ആര് ? രാഹുൽ മാറി നിൽക്കുമോ ?; കെ സി വേണുഗോപാൽ ഉൾപ്പെടെ പകരക്കാരുടെ പേരുകളും ചർച്ചയിൽ

0
1236

കോഴിക്കോട്: വയനാട്ടിൽ മത്സരിക്കാൻ കോൺഗ്രസിനുള്ളിൽ നേതാക്കളുടെ മത്സരം. ഇന്ത്യ മുന്നണിയിൽ സമ്മർദ്ദം ശക്തമായാൽ രാഹുൽ മാറി നിൽക്കുമെന്ന ചർച്ച സജീവമാണ്. എ ഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഉൾപ്പെടെ പകരക്കാരുടെ പേരുകളും ചർച്ചയിലുണ്ട്.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് സിപിഐ ആവർത്തിച്ചാവശ്യപ്പെടുന്നുണ്ട്. ഇന്‍ഡ്യാ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മുന്നണി മര്യാദ മാനിച്ച് രാഹുൽ മാറിനിൽക്കുന്നതിനെ കുറിച്ച് എഐസിസി നേതൃത്വവും കാര്യമായി ആലോചിക്കുന്നുണ്ട്. വയനാട്ടിൽ മത്സരിച്ചാൽ ഉത്തരേന്ത്യയിൽ സംഭവിക്കാൻ സാധ്യതയുള്ള തിരിച്ചടിയും കോൺഗ്രസിൽ പുനഃരാലോചനക്ക് കാരണമായെന്നാണ് വിവരം.

രാഹുൽ വയനാട്ടിൽ മാത്രം മത്സരിച്ചാൽ ബിജെപി അത് പ്രചാരണായുധമാക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പകരക്കാരനെ കുറിച്ചുള്ള ചർച്ച കോൺഗ്രസിൽ സജീവമാകുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കെ സി വേണു ഗോപാൽ ലോകസഭയിലേക്ക് മത്സരിക്കാൻ തീരുമാനിച്ചാൽ രാഹുലിന് പകരം മറ്റൊരാളെ കോൺഗ്രസ് ആലോചിക്കില്ല. കെ സിയും കളത്തിലില്ലെങ്കിൽ മാത്രമേ പ്രാദേശിക നേതാക്കൾക്ക് വയനാട്ടിൽ സാധ്യതയുള്ളു.

വടകരയിൽ കെ മുരളീധരൻ തുടർന്നാൽ മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് വയനാട്ടിൽ താൽപര്യമുണ്ട്. മുല്ലപ്പള്ളിയ്ക്ക് വടകര കൊടുത്ത് വയനാട്ടിലേക്ക് മാറാൻ കെ മുരളീധരനും തയാറാണെന്നാണ് സൂചന. വയനാട്ടിൽ എൻസിപി ടിക്കറ്റിൽ വോട്ടു പിടിച്ച ചരിത്രം കെ മുരളീധരനുണ്ട്. വടകരയിലും ഇരുവരും പയറ്റി തെളിഞ്ഞവരാണ്.

മൂന്നാം സീറ്റിനായി ലീഗ് മുറവിളി കൂട്ടുമ്പോൾ നഷ്ടപെടുന്നത് വടകരയോ വയനാടോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. മണ്ഡലത്തിൻ്റെയും പാർട്ടിയുടെയും സാമുദായിക പരിഗണനകൾ വച്ച് എംഎം ഹസ്സനും ആര്യാടൻ ഷൗക്കത്തിനും വയനാട്ടിൽ അവകാശവാദമുണ്ടെന്നിരിക്കെ രാഹുല്‍ പിന്മാറിയാല്‍ സ്ഥാനാർത്ഥി ചർച്ച പരസ്യമാവും.