ദുബായ്: രാജ്യത്തെ വിമാനത്താവളങ്ങൾ നവീകരണം തുടങ്ങി യു എ ഇ. കോവിഡിൽ നിലച്ച വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനൊപ്പമാണ് വിമാനത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ശ്രമം തുടങ്ങിയത്. ദുബായ്, അബുദാബി, ഷാർജ വിമാനത്താവളങ്ങളിലാണ് വിപുലീകരണം പൂർത്തിയാകുന്നത്. റാസൽഖൈമയും ഫുജൈറയും വിമാന സർവീസുകളുമായി സജീവമായി. ഇതോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി രാജ്യത്തെ വിമാനത്താവളങ്ങൾ നേടുകയാണ്.
∙ ഷാർജ
പാസഞ്ചർ ടെർമിനൽ വിപുലീകരണം പുരോഗമിക്കുകയാണ്. മൊത്തം 240 കോടി ദിർഹമാണ് ചെലവ്. അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾ കൂടുതൽ സൗകര്യങ്ങളോടെ പുതുക്കും. പ്രധാന ടെർമിനൽ വിപുലീകരിക്കുന്നതിനൊപ്പം ഇവിടേക്കു കൂടുതൽ പാലങ്ങളും നിർമിക്കും.
വിഐപി യാത്രക്കാർക്കുള്ള സേവന കേന്ദ്രങ്ങളും നവീകരിക്കും. നവീകരണം പൂർത്തിയാക്കുന്നതോടെ പ്രതിവർഷം രണ്ടു കോടിയിലധികം പേരെ ഉൾക്കൊള്ളാനുള്ള ശേഷി നേടും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉപകരണങ്ങളും ഒരു പുതിയ പ്രോസസിങ് സ്റ്റേഷനും നവീകരണത്തിന്റെ ഭാഗമായി നിലവിൽ വരും. 2027ൽ ജോലികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
∙ ദുബായ്
ഏതു സീസണിലും യാത്രക്കാർ നിറയുന്ന ദുബായ് വിമാനത്താവളത്തിൽ നവീകരണ ജോലികൾ തുടർ പ്രക്രിയയാണ്. ഇപ്പോഴത്തെ പദ്ധതികൾക്ക് 600 – 1000 കോടി ദിർഹമാണ് ചെലവു പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ നീക്കം സുഗമമാക്കുക, ചെക്ക് – ഇൻ കൗണ്ടറുകളുടെ എണ്ണം കൂട്ടൽ എന്നിവ പുതിയ നിർമാണ ജോലികളുടെ പട്ടികയിലുണ്ട്. അടുത്ത 15 വർഷത്തെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള നവീകരണമാണ് നടക്കുന്നത്.
ദുബായിലെ രണ്ടാമത്തെ വിമാനത്താവളമായി മക്തൂം വിമാനത്താവളം സജീവമായി. മണിക്കൂറിൽ 6000 ബാഗേജുകൾ കൈകാര്യം ചെയ്യാം. പുതിയ പാസഞ്ചർ ലോഞ്ചിൽ 24 ബോർഡിങ് ഗേറ്റുകളും മക്തൂം വിമാനത്താവളത്തിൽ നിർമിക്കും. 7 ബാഗേജ് ബെൽറ്റുകളും 104 പുതിയ ചെക്ക് ഇൻ കൗണ്ടറുകളും നിർമിക്കാനാണ് തീരുമാനം.
∙ റാസൽഖൈമ
കേരളത്തിലേക്കടക്കം പുതിയ സർവീസുകൾ സാധ്യമാക്കിയ റാസൽഖൈമ രാജ്യാന്തര വിമാനത്താവളവും കൂടുതൽ സജീവമാവുകയാണ്. 2030 ആകുമ്പോഴേക്ക് പ്രതിവർഷം 30 ലക്ഷം യാത്രക്കാരെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. രാജ്യാന്തര വ്യോമഗതാഗത കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.
∙ ഫുജൈറ
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കയറാനുള്ള തയാറെടുപ്പിലാണ് ഫുജൈറ. 2022 അവസാനത്തോടെയാണ് പുതിയ റൺവേ പ്രവർത്തന സജ്ജമായത്. പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറിന്റെ നിർമാണവും അഗ്നിശമന സൗകര്യങ്ങളും മറ്റു രക്ഷാപ്രവർത്തന സജ്ജീകരണങ്ങളും നവീകരിച്ചു.
കാർഗോ, ഓപ്പറേഷൻ സൗകര്യങ്ങളും ആധുനികവത്കരിച്ച് ഫുജൈറ വിമാനത്താവളവും യാത്രക്കാർക്ക് പുത്തൻ അനുഭവം സമ്മാനിക്കും. കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് മസ്കത്ത് വഴി കുറഞ്ഞ ചെലവിൽ നടത്തുന്ന സർവീസുകൾ മലയാളികൾക്ക് വലിയ സഹായമാണ്.