ഒടിപി വരുമെന്ന് പറഞ്ഞു സ്‌പോണ്‍സര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറിയ മലയാളിക്ക് നഷ്ടമായത് അരലക്ഷം റിയാല്‍

0
4264

റിയാദ്: ഒടിപി വരുമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറിയ മലയാളിക്ക് നഷ്ടമായത് അരലക്ഷം റിയാല്‍. റിയാദില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഇക്‌റാമുല്‍ ഹഖിനാണ് അദ്ദേഹം പോലുമറിയാതെ സ്‌പോണ്‍സര്‍ ‘പണി’ കൊടുത്തത്.

കഴിഞ്ഞ ജൂലൈ മാസം ഇദ്ദേഹം ഇഖാമ പുതുക്കുന്നതിനായി സ്‌പോണ്‍സറുടെ അടുത്തേക്ക് പോയിരുന്നു. തുടര്‍ന്ന് ഒടിപി എടുക്കാനാണെന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ ഇദ്ദേഹത്തിന്റെ ഫോണ്‍ വാങ്ങി. ഏതാനും സമയത്തിന് ശേഷം തിരിച്ചുനല്‍കുകയും ചെയ്തു.
രണ്ട് മാസം കഴിഞ്ഞപ്പോള്‍ മാസ തവണ വ്യവസ്ഥയില്‍ അടക്കാനുള്ള പണം അടച്ചിട്ടില്ലെന്നും മുഴുവന്‍ പണം നല്‍കണമെന്നും അല്ലെങ്കില്‍ മറ്റു നിയമനടപടികളിലേക്ക് കടക്കുമെന്നും അറിയിച്ച് കോടതിയില്‍ നിന്ന് ഒരു സന്ദേശമെത്തി. എവിടെ നിന്നും ലോണ്‍ എടുത്തിയിട്ടില്ലെന്ന ബോധ്യമുള്ളതിനാല്‍ ഉടന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ ബന്ധപ്പെട്ടു. തുടര്‍ന്ന് സിദ്ദീഖ് ഇദ്ദേഹത്തിന്റെ അബ്ശിര്‍ രേഖകള്‍ പരിശോധിച്ചു. അപ്പോഴാണ് ജൂലൈ മാസത്തില്‍ ആരോ ഇദ്ദേഹത്തിന്റെ പേരില്‍ തമാം എന്ന പേരുള്ള ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ടെന്നും 51498 റിയാല്‍ തിരിച്ചടക്കാനുണ്ടെന്നും മനസ്സിലായത്. വിശദമായി പരിശോധിച്ചപ്പോള്‍ 25000 റിയാല്‍ ആരോ ലോണെടുത്തിട്ടുണ്ട്. പ്രതിമാസം പലിശ സഹിതം 2145 റിയാല്‍ 24 മാസം 51498 റിയാല്‍ അടച്ചുതീര്‍ക്കണമെന്നതാണ് വ്യവസ്ഥ. രണ്ട് മാസം അടവ് തെറ്റിയപ്പോഴാണ് തമാം കമ്പനി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പത്ത് വര്‍ഷത്തെ യാത്രാ വിലക്കിനൊപ്പം അബ്‌റാറിന്റെ ബാങ്ക് എകൗണ്ട് മരവിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
ആ പണം പ്രസ്തുത ധനകാര്യ സ്ഥാപനത്തില്‍ നിന്ന് സ്‌പോണ്‍സറുടെ എകൗണ്ടിലേക്കാണ് പോയതെന്ന് രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു. ലോണ്‍ എടുത്ത തിയതിയും സമയവും പരിശോധിച്ചപ്പോള്‍ ഈ സമയത്ത് ഫോണ്‍ സ്‌പോണ്‍സറുടെ കയ്യിലായിരുന്നു. പണം പോയത് സ്‌പോണ്‍സറുടെ എകൗണ്ടിലേക്കും. അതിനാല്‍ ഈ വഞ്ചന ചെയ്തത് സ്‌പോണ്‍സര്‍ ആയിരിക്കുമെന്നാണ് അനുമാനം. ലോണിന് അപേക്ഷിച്ചപ്പോള്‍ കമ്പനി തയ്യാറാക്കിയ പ്രോമിസറി നോട്ടിന് ഒടിപി കൊടുത്തത് സ്‌പോണ്‍സര്‍ ആകാനാണ് സാധ്യത. 25000 റിയാലാണ് സോപണ്‍സറുടെ എകൗണ്ടിലക്ക് മാറ്റിയത്. 51498 റിയാലിന്റെ പ്രോമിസറി നോട്ട് ആണ് തയ്യാറാക്കിയിരിക്കുന്നത്. വന്‍തുക പലിശയാണ് രണ്ട് വര്‍ഷത്തിന് ഈടാക്കിയിരിക്കുന്നത്.
അതേസമയം ഫിനാന്‍സ് കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ലോണ്‍ ലഭിക്കുന്നതിന് വിദേശികള്‍ക്ക് മിനിമം 5000 റിയാല്‍ ശമ്പളവും സൗദികള്‍ക്ക് 4000 റിയാല്‍ ശമ്പളവും വേണമെന്നാണ് നിബന്ധന. ഇക്‌റാമിന് ഗോസിയില്‍ രേഖപ്പെടുത്തിയ ശമ്പളം 400 റിയാല്‍ മാത്രമാണ്. എന്നിട്ടും അദ്ദേഹത്തിന്റെ പേരില്‍ ഇത്രയും വലിയ സംഖ്യ ലോണ്‍ ലഭിച്ചത് ദുരൂഹമാണ്. നിയമവ്യവസ്ഥകള്‍ പാലിക്കാതെ ലോണ്‍ അനുവദിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്ത കമ്പനിക്കെതിരെ സൗദി സെന്‍ട്രല്‍ ബാങ്കിലും കോടതിയിലും അഭിഭാഷകന്‍ മുഖേന ഇക്‌റാം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സഹായിക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ കൂടെയുണ്ട്.

ഇതേ ധനകാര്യ കമ്പനി വഴി നേരത്തെ രണ്ട് മലയാളികള്‍ കൂടി തട്ടിപ്പിന്നിരയായിരുന്നു. ഒരു കോട്ടയം സ്വദേശിയുടെ പേരില്‍ 28000 റിയാലാണ് ഈ കമ്പനി വ്യാജ പ്രോമിസറി നോട്ട് തയ്യാറാക്കി തട്ടിയത്. ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും തെളിവുകളില്ലാത്തതിനാല്‍ വിധി അനുകൂലമായില്ല.

പിന്നീട് അപ്പീല്‍ പോകാന്‍ ശ്രമം നടത്തിയെങ്കിലും ജോലി ചെയ്യുന്ന കമ്പനിയുടെ സര്‍ക്കാര്‍ സിസ്റ്റങ്ങള്‍ അപ്‌ഡേറ്റ് ആവുന്നതിന് തടസ്സം തുടരുന്നതിനാല്‍ പണം മുഴുവനായും അടച്ച് തീര്‍ക്കുകയായിരുന്നു. 20000 റിയാല്‍ ലോണ്‍ അജ്ഞാതര്‍ക്ക് മറിച്ച് നല്‍കി മറ്റൊരു മലയാളിയെ നിയമക്കുരുക്കിലാക്കിയതും ഇതേ ധനകാര്യ സ്ഥാപനമാണ്. മകന്‍ മരിച്ചതിനാല്‍ ഇദ്ദേഹം കേസിനൊന്നും നില്‍ക്കാതെ പണമടച്ച് നാട്ടില്‍ പോകുകയായിരുന്നു