ജാമിഅ സമ്മേളനത്തിൽ സമസ്ത യുവ നേതാക്കളെ തഴഞ്ഞ സംഭവം: എസ് ഐ സി, റൈഞ്ച്, ഓസ്‌ഫോജ്‌ന സഊദി കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്ത്

0
944

ദമാം: പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിൽ സമസ്ത യുവ നേതാക്കളെ തഴഞ്ഞ സംഭവത്തിൽ സഊദിയിലും സമസ്ത പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം. സംഭവത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി, ശർഖിയ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, ഓസ്‌ഫോജ്‌ന കമ്മിറ്റികൾ പ്രതിഷേധിച്ചു. സമസ്തയുടെ ഔദ്യോഗിക സഊദി ഘടകമായ എസ് ഐ സിയുടെ കീഴിലുള്ള ജുബൈൽ സെൻട്രൽ കമ്മിറ്റിയാണ് വിഷയത്തിൽ പരസ്യമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഭവത്തിൽ ജാമിഅഃ നൂരിയ്യ പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സെക്രട്ടറി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ഉൾപ്പെടെയുള്ള ജാമിഅ ഭാരവാഹികൾക്കും എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി നേതാക്കൾക്കും സെൻട്രൽ കമ്മിറ്റി പ്രതിഷേധമറിയിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സനദ് ദാന സമ്മേളന പരിപാടികളിൽ നിന്ന് സമസ്ത യുവ നേതാക്കളെ മാറ്റി നിർത്തിയത് തീർത്തും അപലപനീയമാണെന്നും സുന്നത്ത് ജമാഅത്തിനും സമസ്തക്കും രാവും പകലും സ്റ്റേജും പേജും ജീവിതം തന്നെ നീക്കി വെച്ച അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ പോലെയുള്ള നേതാക്കളെ മാറ്റി നിർത്തിയത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഈ നിലപാട് തിരുത്താൻ സ്ഥാപന മേലധികാരികൾ തയ്യാറാകണമെന്നും കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

ദീനിനും സുന്നത്ത് ജമാഅത്തിനും സമസ്തക്കും ജീവിതം ഉഴിഞ്ഞു വെച്ച നേതാക്കളെ തഴയുന്നത് തീർത്തും പ്രതിഷേധാർഹമാണ്. സമസ്തയുടെ സ്ഥാപനത്തെ മുൻ നിർത്തി സമസ്തയെ പോലും വെല്ലു വിളിക്കുന്ന ഇത്തരം നിലപാടുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും സമുദായത്തിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കാത്ത നിലയിൽ കാര്യങ്ങളിൽ ഇടപെടാൻ ബന്ധപെട്ടവർ തയ്യാറാകണമെന്നും എസ്‌ഐസി, റൈഞ്ച് കമ്മിറ്റികൾ ആവശ്യപ്പെട്ടു.

സമസ്തയുടെ തന്നെ സ്ഥാപനമായ ജാമിഅ സമ്മേളനത്തിൽ നിന്ന് യുവ നേതാക്കളെ തഴഞ്ഞതിൽ വിവാദം കത്തി നിൽക്കെ കഴിഞ്ഞ ദിവസം സഊദി ഓസ്ഫോജ്‌നയും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജാമിഅ: സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളിൽ ഞങ്ങൾ ജാമിഅ:യുടെ സന്തതികളും അഭ്യുദയ കാംക്ഷികളും എന്ന നിലയിൽ ഏറെ ദുഃഖിക്കുന്നു പരിഹാരം പ്രതീക്ഷിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഓസ്‌ഫോജ്‌ന സഊദി അറിയിച്ചു.

ദീനിന്റെ പൈതൃക സംരക്ഷകരായ സുന്നീ ദാ ഇകളെ സമൂഹത്തിന്ന് സമർപ്പിക്കുന്ന സമ്മേളനത്തിൽ സുന്നത്ത് ജമാഅതിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുകയും പ്രവർത്തകരുടെ ആവേശമായി മാറുകയും ചെയ്ത‌ അബ്ദുൽ ഹമീദ് ഫൈസിയെ സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തിയതിലുള്ള പ്രതിഷേധം അറിയിക്കുന്നതായി ഭാരവാഹികൾ ആയ സുബൈർ തങ്ങൾ ഹംസ ഫൈസി എന്നിവർ അറിയിച്ചു.