തൃശ്ശൂർ: രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്‌ച തൃശ്ശൂരിലെത്തും. പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ മുറുകിയ താളത്തിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെ ജനറൽ ആശുപത്രി പരിസരത്തുനിന്ന് റോഡ് ഷോ തുടങ്ങും. മൂന്നേകാലിനാണ് തേക്കിൻകാട് മൈതാനത്തെ നായ്‌ക്കനാലിന് സമീപത്തെ മഹിളാസമ്മേളനവേദിയിലേക്ക് മോദി എത്തുക.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റോഡ്‌ഷോയ്ക്കായി ജനറൽ ആശുപത്രിക്കു സമീപമെത്തുന്ന നരേന്ദ്രമോദിയെ ബി.ജെ.പി. നേതാക്കൾ സ്വീകരിക്കും. ഇതിനുശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ നായ്ക്കനാലിനു സമീപമുള്ള വേദിയിലെത്തുമ്പോഴും സംസ്ഥാന നേതാക്കൾ സ്വീകരിക്കാനുണ്ടാകും. 16 പേരാണ് സമ്മേളനവേദിയിൽ സ്വീകരിക്കാനായി ഉണ്ടാകുക. കുട്ടനെല്ലൂരിൽ ഹെലികോപ്റ്റർ ഇറങ്ങുമ്പോൾ കളക്ടർ ഉൾപ്പെടെയുള്ളവർ സ്വീകരിക്കാനെത്തും.
42 പേർ വേദിയിലുണ്ടാകും. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമൻ, മിന്നുമണി, ബീനാ കണ്ണൻ തുടങ്ങി എട്ടു പ്രമുഖ വനിതകൾ വേദിയിലുണ്ടാകും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങി പ്രധാന പുരുഷനേതാക്കൾ മാത്രമേ വേദിയിലുണ്ടാകൂ. ബാക്കി എല്ലാം ബി.ജെ.പി.യിലെ വനിതാനേതാക്കളായിരിക്കും.
സദസ്സിന്റെ മുൻനിരയിൽ ക്ഷണിക്കപ്പെട്ട വനിതകളാണ് ഉണ്ടായിരിക്കുക. വിവിധ മേഖലകളിൽ മികവുതെളിയിച്ച, പാർട്ടിവേദികളിൽ പ്രത്യക്ഷപ്പെടാത്ത ആയിരത്തിലധികം വനിതകൾക്കാണ് ക്ഷണമുള്ളത്. ഇതിനു പിന്നിലാണ് വനിതാപ്രവർത്തകർക്കുള്ള സീറ്റ്. ഇതിനും പിന്നിൽ റൗണ്ടിലായിരിക്കും പുരുഷന്മാർക്കുള്ള സ്ഥലം.
മഹിളാസമ്മേളനത്തിന് രണ്ടു ലക്ഷം വനിതകളെ എത്തിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനു മുന്നോടിയായി നടക്കുന്ന റോഡ്‌ഷോയിൽ രണ്ടു ലക്ഷത്തോളം പുരുഷന്മാരെ പങ്കെടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിൽനിന്നുള്ള പ്രവർത്തകരാണ് പങ്കെടുക്കുക.
പരിപാടി നടക്കുന്ന തേക്കിൻകാട് മൈതാനിയിലെയും റോഡ്‌ഷോ നടത്തുന്ന തൃശ്ശൂർ റൗണ്ടിലെയും സുരക്ഷ എസ്.പി.ജി. ഏറ്റെടുത്തുകഴിഞ്ഞു. പ്രധാന സ്ഥലങ്ങളിൽ തോക്കേന്തിയ സുരക്ഷാഭടൻമാർ നിലയുറപ്പിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ വഴികളിലെ പെട്ടിക്കട മുതൽ ബാങ്കുകൾവരെ കടകളെല്ലാം അടയ്ക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. പലരും ഇതു ചൂണ്ടിക്കാട്ടി സ്വന്തം സ്ഥാപനത്തിൽ അറിയിപ്പുബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
ബുധനാഴ്ച രാവിലെ 11 മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണം ആരംഭിക്കും. സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ളവ റൗണ്ടിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രക്ക്, ലോറി എന്നിവ മുടിക്കോട്ടുനിന്ന് വലത്തേക്കുതിരിഞ്ഞ് ചിറയ്ക്കാക്കോട്, തേറമ്പം, മാടക്കത്തറ പവർ ഹൗസ്, പൊങ്ങണംകാട്, പള്ളിമൂല, വിയ്യൂർ പവർഹൗസ് വഴി പോകണം.
കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വലിയ വാഹനങ്ങൾ കുറ്റിപ്പുറം പാലം കഴിഞ്ഞ് വലത്തോട്ടുതിരിഞ്ഞ് പൊന്നാനി വഴി ചാവക്കാട്ടെത്തി ഹൈവേയിലൂടെ വാടാനപ്പള്ളി, തൃപ്രയാർ, കൊടുങ്ങല്ലൂർ വഴി പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പെരുമ്പിലാവിൽനിന്ന് തിരിഞ്ഞ് പട്ടാമ്പി റോഡ് വഴി പോകണം. നഗരത്തിൽ പ്രവേശിക്കുന്ന യാത്രാബസുകൾ നേരിട്ട് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പ്രവേശിപ്പിക്കണം. കോഴിക്കോട്, കുന്നംകുളം, ഗുരുവായൂർ, അടാട്ട് എന്നിവിടങ്ങളിൽനിന്നുള്ള ബസുകൾ പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെ സർവീസ് നടത്തണം
ഒറ്റപ്പാലം, ചേലക്കര, പഴയന്നൂർ, തിരുവില്വാമല ഭാഗത്തുനിന്നുള്ളവരുടെ വാഹനങ്ങൾ വടക്കേസ്റ്റാൻഡിൽ ആളുകളെ ഇറക്കണം. പാർക്കിങ് സ്ഥലങ്ങൾ: കോലോത്തുംപാടം, അക്വാട്ടിക് കോംപ്ലക്‌സ്, ഇൻഡോർ സ്റ്റേഡിയം, പള്ളിത്താമം ഗ്രൗണ്ട്, വടക്കേ സ്റ്റാൻഡിലെ താത്‌കാലിക ബസ്‌സ്റ്റാൻഡ്.
കോഴിക്കോട്, മലപ്പുറം, ഗുരുവായൂർ, കുന്നംകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ശങ്കരയ്യറോഡിൽ ആളുകളെ ഇറക്കണം. പാർക്കിങ് സ്ഥലങ്ങൾ: പൂങ്കുന്നം ശിവക്ഷേത്ര മൈതാനം, എം.എൽ.എ. റോഡ്, പാറമേക്കാവ് സ്കൂൾ, കോളേജ് ഗ്രൗണ്ടുകൾ, പഞ്ചിക്കൽ അമൃതാനന്ദമയി സ്കൂൾ ഗ്രൗണ്ട്.
തൃപ്രയാർ, വാടാനപ്പള്ളി, കാഞ്ഞാണി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പടിഞ്ഞാറേക്കോട്ടയിൽ ആളുകളെ ഇറക്കി, വാഹനങ്ങൾ നേതാജി ഗ്രൗണ്ട്, നേതാജി ഗ്രൗണ്ട് റോഡ്, ഒളരിക്കര ക്ഷേത്രംഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
കൊല്ലം, ആലപ്പുഴ, എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തലോർ, ഒല്ലൂർ, മുണ്ടുപാലം വഴി ശക്തൻനഗറിൽ ആളുകളെ ഇറക്കണം. പാർക്കിങ് സ്ഥലങ്ങൾ: കോർപറേഷൻ ഗ്രൗണ്ട്, ശക്തൻസ്റ്റാൻഡ്, മനോരമക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്, ശക്തൻനഗർ പെട്രോൾ പമ്പിനെതിർവശം റോഡ്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കൂർക്കഞ്ചേരി, ബാല്യ ജങ്‌ഷൻ വഴി ശക്തൻ നഗറിൽ ആളെ ഇറക്കണം. പാർക്കിങ് സ്ഥലങ്ങൾ: സൺ ഹോസ്പിറ്റൽ റോഡ്, ശക്തൻ നഗർ കോർപറേഷൻ ഗ്രൗണ്ട്, ശക്തൻനഗർ പെട്രോൾ പമ്പിനെതിർവശം, മനോരമയ്ക്കു സമീപം ജോസ് ആലുക്കാസ് ഗ്രൗണ്ട്.
പാലക്കാട്, മണ്ണുത്തി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കിഴക്കേക്കോട്ട ജങ്‌ഷനിൽ ആളുകളെ ഇറക്കണം. പാർക്കിങ് സ്ഥലങ്ങൾ: മണ്ണുത്തി വെറ്ററിനറി കോളേജ് കാമ്പസ് ഗ്രൗണ്ട്, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി കാമ്പസ്.
ബാഗ്, കുപ്പിവെള്ളം, കുട എന്നിവ പുറത്ത്; മൊബൈൽ ഫോൺ കരുതാം
തൃശ്ശൂർ : പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തേക്ക് സ്ത്രീകൾക്കു മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്‌രേയുടെ നേതൃത്വത്തിൽ ആയിരത്തോളം വനിതാ പോലീസുദ്യോഗസ്ഥരെയാണ് വേദിയുടെയും സദസ്സിന്റെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. പ്രവേശനം മെറ്റൽഡിറ്റക്ടറിലൂടെ മാത്രമാണ്.
ബാഗ്, കുപ്പിവെള്ളം, കുട തുടങ്ങിയവ അനുവദിക്കില്ല. മൊബൈൽഫോൺ കൈവശം കരുതാം. റോഡ് ഷോ നടക്കുന്ന സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊതു ജനങ്ങൾ പ്രവേശിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ മെറ്റൽ ഡിറ്റക്ടറുകളും സ്ഫോടകവസ്തുപരിശോധനാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വരാജ് റൗണ്ടിലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്ഥിതിചെയ്യുന്ന എല്ലാ ഉയർന്ന കെട്ടിടങ്ങളിലും പോലീസ് പരിശോധന പൂർത്തിയാക്കി.
ഇത്തരം സ്ഥലങ്ങളിൽ ഡ്യൂട്ടിക്കായി പോലീസുദ്യോഗസ്ഥരെ വിന്യസിച്ചു.
വേദി, ബാരിക്കേഡ് തുടങ്ങി എല്ലാ നിർമാണപ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടുള്ള അതിഥി തൊഴിലാളികളടക്കമുള്ളവരെക്കുറിച്ച് സ്പെഷ്യൽബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി.
പ്രധാന വേദിയായ നായ്ക്കനാൽ പ്രദേശവും തേക്കിൻകാട് മൈതാനവും ഡോഗ് സ്ക്വാഡ് അടക്കമുള്ളവർ സ്ഫോടകവസ്തുപരിശോധന പൂർത്തിയാക്കി. മുഴുവൻസമയം ജാഗ്രത പാലിക്കുന്നതിന് പോലീസ്‌കാവലും ഏർപ്പെടുത്തി.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക