ഉമ്മുൽ മദാരിസ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ സമസ്ത യുവ നേതാക്കൾ പുറത്ത്; പിറകിൽ ലീഗ് കോക്കസ് എന്ന് ആരോപണം

0
2292

രാഷ്ട്രീയം നോക്കാതെ സമസ്തക്ക് വേണ്ടി ശബ്ദിക്കുന്ന നേതാക്കളെയാണ് വെട്ടിയത്

മലപ്പുറം: കേരളത്തിലെ പ്രഥമ ഇസ്‌ലാമിക ബിരുദ കലാലയവും ഉമ്മുൽ മദാരിസ് എന്ന പേരിൽ അറിയപ്പെടുന്നതുമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിൽ സമസ്ത യുവ നേതാക്കൾ പുറത്ത്. രാഷ്ട്രീയം നോക്കാതെ സമസ്തക്ക് വേണ്ടി ശബ്ദിക്കുന്ന നേതാക്കളെയാണ് വെട്ടിയത്. സനദ് ദാന പരിപാടിയുടെ പ്രോഗ്രാം നോട്ടീസ് പുറത്ത് വന്നതോടെയാണ് സമസ്തയുടെ സ്ഥാപനം കൂടിയായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിൽ സമസ്ത യുവ നേതാക്കളെ ഒഴിവാക്കിയത് വ്യക്തമായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മുസ്‌ലീം ലീഗ് എന്നോ മറ്റോ നോക്കാതെ സമസ്തക്ക് വേണ്ടി ശബ്ദിക്കുന്നവരെയും കാപട്യങ്ങൾ ഉണ്ടാകുമ്പോൾ രാഷ്ട്രീയം നോക്കാതെ അതിനെതിരെ വിമർശനമുന്നയിച്ചവരെയുമാണ് മാറ്റി നിർത്തിയതെന്നാണ് പ്രോഗ്രാം നോട്ടീസ് കണ്ടാൽ വ്യക്തമാകുന്നത്.

വെട്ടിനിരത്തിലിന് പിന്നിൽ ലീഗ് നേതാക്കളെന്ന് ആരോപണവുമായി സമസ്‌തയിലെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സമസ്ത മുശാവറ നേരിട്ട് നടത്തുന്ന ഏക സ്ഥാപനമാണ് പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ കോളേജ്. മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡണ്ടായ സ്ഥാപനത്തിന്റെ വാർഷിക സമ്മേളനമാണ് ജനുവരി 3 മുതൽ 7 വരെ നടക്കുന്നത്. ഈ വേദിയിൽ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയത്.

ജാമിഅ സമ്മേളനങ്ങളിൽ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. എസ് വൈ എസ് വർക്കിങ് സിക്രട്ടറിയും സമസ്ത, സുന്നി വേദികളിലെ മുഖ്യ പ്രഭാഷകനുമായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ് കെ എസ് എസ് എഫ് സീനിയർ നേതാവ് സത്താർ പന്തല്ലൂർ, സംസ്ഥാന ജനറൽ സിക്രട്ടറി റഷീദ്‌ ഫൈസി വെള്ളായിക്കോട്, സുപ്രഭാതം സി ഇ ഒ യും മുൻ എസ് കെ എസ് എസ് എഫ് ജനറൽ സിക്രട്ടറിയുമായിരുന്ന മുസ്തഫ മുണ്ടുപാറ, പ്രമുഖ പ്രഭാഷകൻ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവർ ഉൾപ്പടെയുള്ളവർ മാറ്റി നിർത്തിയവരിൽ ഉൾപ്പെടുന്ന പ്രമുഖരാണ്.

ഏക സിവിൽ കോഡ് വിഷയമടക്കം പല ഘട്ടങ്ങളിലായി മുസ്‌ലീം ലീഗ് നിലപാടിനെതിരെ മുഖം നോക്കാതെ വിമർശനമുന്നയിച്ചവരാണ് മാറ്റി നിർത്തപെട്ടവർ. വെട്ടിനിരത്തിലിന് പിന്നിൽ സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളാണന്നാണ് സമസ്‌തയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സമസ്തയുടെ സ്ഥാപനത്തിലെ പരിപാടിയിൽ നിന്ന് തന്നെ യുവ നേതാക്കളെ വെട്ടി മാറ്റിയതിൽ സംഘടനക്ക് അകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സമ്മേളന പ്രചാരണാര്ഥം കാസർകോട് ജില്ലയിൽ ഇന്ന് നടത്താൻ തീരുമാനിച്ച ജാമിഅ ഫെസ്റ്റ് നിറുത്തി വെച്ചു. ദുബായ് എസ് കെ എസ് എസ് എഫ് കമ്മിറ്റി പ്രതിഷേധ പത്രക്കുറിപ്പും ഇറങ്ങിയിട്ടുണ്ട്. നാളെ സമ്മേളനം ആരംഭിക്കാനിരിക്കയാണ് യുവ നേതാക്കളെ തഴഞ്ഞതിൽ വിവാദം ശക്തമാകുന്നത്.

സനദ് ദാന പരിപാടിയുടെ പ്രാഥമിക സെഷനിൽ സ്വാഗതം പറയുന്നത് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ആണ്. ബാങ്ക് ഡയരക്ടർ കൂടിയായ ഇദ്ദേഹം ഈ സ്ഥാപന സിക്രട്ടറി എന്ന നിലയിലാണ് സ്വാഗതം പറയുന്നത്. എന്നാൽ, പലിശ ഹറാമാണെന്ന് പഠിപ്പിക്കുകയും അത് പഠിപ്പിക്കാൻ സമൂഹത്തിനു മുന്നിൽ സനദ് വാങ്ങി ഇറങ്ങുകയും ചെയ്യുന്ന പണ്ഡിതൻമാരെ ഉൾപ്പെടുത്തി സനദ് ദാന സമ്മേളനത്തിൽ ഇദ്ദേഹം സ്വാഗതം പറയുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇത്ര വലിയ മത കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് സ്ഥാപനത്തിൽ ഇതെല്ലാം എന്ത്‌ സൂചനയാണ് നൽകുന്നതെന്നാണ് അണികൾ ചോദിക്കുന്നത്. ഇത് ഉൾപ്പെടെ സമസ്തയിൽ ലീഗിലെ ഒരു വിഭാഗം നടത്തുന്ന ഇത്തരം നാടകങ്ങൾ കൊണ്ട് നേട്ടമാണോ കോട്ടമാണോ ഉണ്ടാകുകയെന്നത് നേതൃത്വം കണ്ടറിയണമെന്നും അണികൾ ചോദിക്കുന്നുണ്ട്. സമ്മേളനം നാളെ തുടങ്ങാനിരിക്കെ സോഷ്യൽ മീഡിയകളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക