റിയാദ്: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി സഊദി അറേബ്യ. റിയാദിലും അല്‍ഉലയിലും
വിപുലമായ പരിപാടികൾ.
രാത്രി ഒമ്പത് മണി മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ രാത്രി 12 വരെ നീണ്ടുനില്‍ക്കും. സംഗീതത്തിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും ലൈറ്റ്‌ഷോയുടെയും അകമ്പടിയോടെ പുതുവത്സരത്തിന്റെ വരവ് ആസ്വദകരമാക്കാന്‍ പല കേന്ദ്രങ്ങളും ഒരുക്കങ്ങള്‍ തകൃതിയാണ്.
ഡിസംബര്‍ 31ന് ബൊളിവാഡ് സിറ്റിയിലെ മുഹമ്മദ് അബ്ദു അരീന തിയേറ്ററില്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ അറബ് താരങ്ങളുടെ ഗാനനിശ രാത്രി 9 മുതല്‍ 12 വരെ അരങ്ങേറും. 300 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്.
ലബനീസ് ഗായികമാരായ നാന്‍സി അജ്‌റം, അലീസ, മൊറോക്കോ ഗായിക അസ്മ ലംനവര്‍, ബഹ്‌റൈനി ഗായിക അസാല, ഇമാറാത്തി ഗായിക അഹ്‌ലാം, ഈജിപ്ഷ്യന്‍ ഗായിക അന്‍ഗാം, വാഇല്‍ കഫൂരിസ വലീദ് തൗഫീഖ്‌സ ബഹാഅ് സുല്‍ത്താന്‍ അടക്കം 13 അറബ് താരങ്ങള്‍ അണിനിരക്കും.
റിയാദ് ബൊളിവാഡ് വേള്‍ഡിലും വണ്ടര്‍ വേള്‍ഡിലും വിവിധ ഷോകളും താരങ്ങള്‍ പങ്കെടുക്കുന്ന സംഗീത പരിപാടികളും അരങ്ങേറും. കിംഗ്ഡം ടവര്‍ അടക്കം പ്രമുഖ കെട്ടിടങ്ങളും ന്യൂ ഇയറിനെ വര്‍ണവൈവിധ്യങ്ങള്‍ കൊണ്ട് സ്വീകരിക്കും.
കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഗായകന്‍ ഫുആദ് അബ്ദുല്‍ വാഹിദിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യ നടക്കും. 800 റിയാല്‍ ആണ് ചാര്‍ജ്. സൗദി താരം ലുലു അല്‍ഹമൂദും പങ്കെടുക്കും. ഇവര്‍ക്കൊപ്പം രാത്രി എട്ട് മണിക്ക് ഡിന്നര്‍ കഴിക്കാം. ശേഷമാണ് ഗാനസന്ധ്യ നടക്കുക.
സൗദിയിലെ പ്രമുഖ റെസ്റ്റോറന്റുകളിലെല്ലാം പുതുവത്സര ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലായില്‍ ബനിയന്‍ ട്രീ അല്‍ഉല ഹോട്ടലിലെ തായ്‌ലാന്റ് റെസ്‌റ്റോറന്റ് സഅ്ഫറാനില്‍ സ്വാദിഷ്ട ഭക്ഷ്യ വിഭവങ്ങള്‍ക്കൊപ്പം വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അതിമനോഹരമായ അല്‍ഉല ആകാശത്തിനു കീഴെ തത്സമയ സംഗീതവും കലാപരമായ വിനോദ അന്തരീക്ഷവും ആഡംബരപൂര്‍ണമായ തായ് പാചകരീതിയുടെ സംയോജനവും അതിഥികള്‍ക്ക് ആസ്വദിക്കാം.
അല്‍ഉല വാദി അശ്ശാറിലെ ഹാബിറ്റാസ് ഹോട്ടലില്‍ ഓപണ്‍ എയറില്‍ സൗദി ഡിജെ കയാന്‍, ഈജിപ്ഷ്യന്‍ ഡിജെ സാഫി എന്നിവരുടെ പ്രത്യേക കലാപരിപാടികള്‍ പുതുവര്‍ഷ പുലരിയില്‍ ഒരുക്കിയിട്ടുണ്ട്. 2024ലെ സൂര്യോദയത്തിന് സാക്ഷിയാകാന്‍ ഹോട്ട് എയര്‍ ബലൂണ്‍ ഫ്‌ളൈറ്റുകളില്‍ യാത്രക്കും സൗകര്യമുണ്ട്. ഇതാദ്യമായാണ് ഹോട്ട് എയര്‍ ബലൂണുകളില്‍ സൂര്യോദയ ദര്‍ശനത്തിന് വഴിയൊരുക്കുന്നത്.