തെല്‍ അവിവ്: യുദ്ധം നീളുന്ന സാഹചര്യത്തിൽ ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അനുവദിക്കുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. യുദ്ധം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് ഹമാസ് നേതൃത്വം. ഖാൻ യൂനുസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വെസ്റ്റ്ബാങ്കിലും അതിക്രമം രൂക്ഷമായി തുടരുകയാണ്. അടിയന്തര വെടിനിർത്തൽ വൈകരുതെന്ന് രക്ഷാസമിതിയിൽ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഇറാഖിലെ ഇർബിലിൽ യു.എസ് ഇൻറലിജൻസ് കേന്ദ്രത്തിന് നേരെ ഇസ്ലാമിക് റസിസ്റ്റൻസ് വിഭാഗം ആക്രമണം നടത്തി .
ഇസ്രായേൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനൊരുങ്ങുന്നു
ആക്രമണം അവസാനിപ്പിക്കാതെ ബന്ദികൈമാറ്റ ചർച്ചക്ക് പ്രസക്തിയില്ലെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് നേതാവ് ഒസാമ ഹംദാൻ വ്യക്തമാക്കി. തടവുകാരെ സൈന്യം കൊലപ്പെടുത്തിയ നടപടി ഇസ്രായേലിനുള്ളിൽ രൂപപ്പെടുത്തിയ പ്രതിഷേധമാണ് നെതന്യാഹുവിനെ ചർച്ചക്ക് പ്രേരിപ്പിക്കുന്നത്.
അതേസമയം ഖത്തർ, ഈജിപ്ത് ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ യാതൊരു സമ്മർദവും തങ്ങൾക്കു മേൽ നടത്തുന്നില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. എന്നാൽ ബന്ദികളുടെ കൈമാറ്റത്തിന് ചില നിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് ബന്ധുക്കൾക്ക് മുമ്പാകെ നെതന്യാഹു അറിയിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം നീളുമെന്നുറപ്പായ സാഹചര്യത്തിൽ ഇസ്രായലിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് പെന്‍റഗൺ അറിയിച്ചു. 147.5 മില്യൻ ഡോളറിന്‍റെ എം 107 റൈഫിളുകളും ഇസ്രായേലിന് കൈമാറുന്ന ആയുധങ്ങളിൽ ഉൾപ്പെടും. ഖാൻ യൂനുസിനു നേർക്ക് രാത്രി നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക