കൊച്ചി: വൈഗയെ പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി വിധി. എറണാകുളം പോക്സ് കോടതിയുടേതാണ് വിധി. സനു മോഹനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവയാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ശിക്ഷാവിധിയിൽ ഉച്ചകഴിഞ്ഞു വാദം നടക്കും.
കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിൽ താമസിച്ചിരുന്ന വൈഗയെയും സനുവിനെയും 2021 മാർച്ച് 21ന് കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ വൈഗയുടെ മൃതദേഹം പിറ്റേന്നു മുട്ടാർ പുഴയിൽ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. വൈഗയുടെ മരണത്തിനു ശേഷം പിതാവ് സനു മോഹൻ നാടുവിട്ടെന്ന നിഗമനത്തിൽ തുടങ്ങിയ അന്വേഷണമാണു നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
വൈഗയെ സനുവാണു കൊലപ്പെടുത്തിയതെന്നു വ്യക്തമായ സൂചന ലഭിച്ചതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഒരു മാസത്തിനു ശേഷം കർണാടകയിലെ കാർവാറിൽ നിന്നാണു സനു പിടിയിലായത്. രാജ്യ വ്യാപകമായി തെളിവെടുപ്പു നടത്തേണ്ടി വന്ന അപൂർവം കൊലക്കേസിൽ ഒന്നായിരുന്നു ഇത്. തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാർ സംസ്ഥാനങ്ങളിൽ പോയി പൊലീസ് തെളിവു ശേഖരിച്ചു.