പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്തും: ജിദ്ദ കേരള പൗരാവലി

ജിദ്ദ: ആനുകാലിക പ്രസക്തമായ പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടുമെന്ന് ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമം വിപുലമായ ചർച്ചകളിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തം ചർച്ച സംഗമത്തിൽ ഉണ്ടായത് ശ്രദ്ധേയമായി

സഊദി പ്രവാസികളുടെ അഭിമാനമായ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ എന്നിവരുടെ സ്വാതന്ത്ര്യവും സുരക്ഷയും കാര്യശേഷിയും നിലനിർത്തുന്നതിനും വർധിപ്പിക്കുന്നതിനും വേണ്ടി സ്കൂളുകളിലും അനുബന്ധ പ്രദേശങ്ങളിലും സി സി ടി വി ക്യാമറകൾ സ്ഥാപിച്ചും കഴിവുറ്റ സുരക്ഷ ജീവനക്കാരെ നിയോഗിച്ചും സുരക്ഷ ഉറപ്പ് വരുത്തി നിലവിലുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് നൂറുന്നിസ ബാവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അവധിക്കാലത്തെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും അമിതമായ വിമാന യാത്ര നിരക്കിൽ നിന്ന് പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മോചനം ലഭിക്കുന്നതിനും വേണ്ടി ജിദ്ദയിൽ നിന്നും കേരളത്തിലെ വിവിധ തുറമുഖങ്ങളിലേക്ക് യാത്ര കപ്പൽ സേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങൾ പൂർത്തിയാക്കി അനുയോജ്യമെങ്കിൽ വേണ്ട ഇടപെടലുകൾ നടത്തി പദ്ധതി പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്ന പ്രമേയം നസീർ വാവ കുഞ്ഞും അവതരിപ്പിച്ചു.

ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമത്തിലെ രണ്ട് പ്രമേയ വിഷയങ്ങളും വിപുലമായി ചർച്ച ചെയ്തു. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലിനെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ച് ചർച്ച നടത്തും. തുടർന്ന് ആവശ്യ മെങ്കിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും കേരള മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽ വിഷയങ്ങൾ കൊണ്ടുവരാനും ജിദ്ദ കേരള പൗരാവലിയുടെ രണ്ടാം പ്രതിനിധി സഭ സംഗമത്തിൽ ധാരണയായി. ഇതിന് വേണ്ടി സലാഹ് കാരാടൻ, മുഹമ്മദ് ബൈജു, അബൂബക്കർ ദാദാബായി, നസീർ വാവകുഞ്ഞു, അഡ്വ. ബഷീർ, മിർസാ ഷരീഫ് എന്നിവരെ യോഗം ചുമതലപ്പെടുത്തി

കഴിഞ്ഞ ദിവസങ്ങളിൽ അന്തരിച്ച കാനം രാജേന്ദ്രൻ, കെ. പി വിശ്വനാഥൻ എന്നിവർക്ക് യോഗം ആദരാഞ്ജലികൾ നേർന്നു. ബഷീർ പരുത്തിക്കുന്നൻ അനുശോചന സന്ദേശം നൽകി. സംഘടനയുടെ പുതുക്കിയ നിയമാവലി റാഫി ബീമാപ്പള്ളിയും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഷരീഫ് അറക്കലും അവതരിപ്പിച്ചു. പബ്ലിക് റിലേഷൻ ആൻഡ് മീഡിയ അവലോകനത്തിന് ഷമീർ നദ്‌വി, അബ്ദുൽ ഖാദർ ആലുവയും പൊതു വാട്സ്ആപ്പ് ഗ്രൂപ്പ് അവലോകനത്തിന് അസീസ് പട്ടാമ്പിയും നേതൃത്വം നൽകി. ഇവന്റ് മാനേജ്മെന്റ്, വെൽഫെയർ എന്നീ വകുപ്പുകളുടെ ചർച്ചകൾ അബൂട്ടി നിലമ്പൂർ, ഹസ്സൻ കൊണ്ടോട്ടി, നൗഫൽ വണ്ടൂർ, സുബൈർ ആലുവ എന്നിവർ നയിച്ചു. അഡ്വ. ശംസുദ്ധീൻ, ബിജുരാജ് രാമന്തളി, രാധാകൃഷ്ണൻ കവുമ്പായി എന്നിവരെ വിവിധ വകുപ്പുകളിലേക്ക് പുതുതായി തിരഞ്ഞെടുത്തു. ജിദ്ദയിൽ വരാനിരിക്കുന്ന അഞ്ചു മെഗാ ഇവെന്റ്കളെ കുറിച്ച് ജുനൈസ് ബാബു, സോഫിയ സുനിൽ, ജലീൽ കണ്ണമംഗലം, ഹിഫ്സുറഹ്മാൻ, മിർസ ഷരീഫ് എന്നിവർ വിശദീകരിച്ചു. ജിദ്ദയിൽ സംഘടിപ്പിക്കാനിരിക്കുന്ന ‘സ്പോൺണ്ടീനിയസ് 2024’ വ്യക്തിത്വ പരിശീലന പരിപാടിയുടെ കോഡിനേറ്റർമാരായി വിലാസ് കുറുപ്പ്, കൊയസൻ വീരാൻ കുട്ടി എന്നിവരെ യോഗം തിരഞ്ഞെടുത്തു.
ജിദ്ദ കേരള പൗരവലിയുടെ ഫേസ്ബുക് പേജിന്റെ പ്രകാശനം പ്രശസ്ത ഗായകൻ മിർസ ഷരീഫ് നിർവ്വഹിച്ചു

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി രണ്ടാം പ്രതിനിധി സഭ സംഗമം നിയന്ത്രിച്ചു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതം പറഞ്ഞു. ട്രഷറർ ഷരീഫ് അറക്കൽ നന്ദി പറഞ്ഞു. അബ്ദുൽ നാസർ കോഴിത്തൊടി, അഹമ്മദ് ഷാനി, നൗഷാദ് ചാത്തല്ലൂർ, സുബൈർ വയനാട് തുടങ്ങിയവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു