പെൺകുട്ടിയുമായി ഒത്തുപോകാനാകില്ല; ദത്തെടുക്കൽ റദ്ദാക്കണമെന്ന് ദമ്പതികൾ

0
1966

കൊച്ചി: പതിനെട്ടുകാരി തന്നെ ദത്തെടുത്ത തിരുവനന്തപുരം സ്വദേശികളായ ദമ്പതികളോടൊപ്പം പോകാൻ തയാറാണെന്ന് പറഞ്ഞതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ ദത്തുപുത്രിയെ വീണ്ടും സ്വീകരിക്കുന്നതിൽ ദമ്പതികൾ ബുദ്ധിമുട്ട് അറിയിച്ചു. തുടർന്ന് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നു പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുട്ടിയുടെ താൽപര്യം കണക്കിലെടുത്തു തുടർനടപടികൾ സ്വീകരിക്കാൻ അമിക്കസ് ക്യൂറി അഡ്വ.എ.പാർവതി മേനോനെ ചുമതലപ്പെടുത്തി.

പെൺകുട്ടിയെ പഞ്ചാബിലേക്കു തിരികെ കൊണ്ടു പോകുന്ന കാര്യത്തിൽ അവിടത്തെ അഡ്വക്കറ്റ് ജനറലുമായി സംസാരിച്ചിരുന്നെന്നും അദ്ദേഹം അനുകൂലമായാണു പ്രതികരിച്ചതെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. കേരളത്തിലെ അഡ്വക്കറ്റ് ജനറൽ ഇക്കാര്യം പഞ്ചാബിലെ അഡ്വക്കറ്റ് ജനറലുമായി സംസാരിക്കണമെന്നും കൂട്ടിച്ചേർത്തു.

തുടർന്നാണു പെൺകുട്ടിയുടെ താൽപര്യം ആരാഞ്ഞു തുടർ നടപടി സ്വീകരിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയത്. പെൺകുട്ടിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തിൽ ദത്തെടുക്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.