ഈ വർഷം പിടികൂടിയത് കോടികളുടെ ലഹരിമരുന്ന്; 551 പേർ അറസ്റ്റിൽ

0
862

ഷാർജ: ജനുവരി മുതൽ നവംബർ 30 വരെ 551 ലഹരിമരുന്ന് കടത്തുകാരെയും വിതരണക്കാരെയും ഷാർജ പൊലീസ് ആന്റി നാർക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

1,051,000 കിലോ ഹാഷിഷ്, ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവയും  80,000 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി  കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി അറിയിച്ചു.

ഇതിന് 104,117,446 ദിർഹം മൂല്യം വരും. സമൂഹമാധ്യമങ്ങളിലെ 785  അക്കൗണ്ടുകളും പൊലീസ് നിരീക്ഷിച്ചു പിടികൂടി. 
ഇന്റർനെറ്റിലൂടെയും പ്രത്യേകിച്ച് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെയും ലഹരിമരുന്ന് പ്രോത്സാഹിപ്പിക്കുന്നതാണ്  നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഷാർജ പൊലീസ് പറഞ്ഞു. നിയന്ത്രിത വേദനസംഹാരികൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, ഹെറോയിൻ എന്നിവയുൾപ്പെടെ വിവിധ തരം ലഹരിമരുന്നുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്തിടെ ചില ഫോണുകളിലേക്ക് പതിവായി കടത്തുകാർ  സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. 

ലഹരിമരുന്നിന്റെ അപകടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ അവ ഏറ്റവുമധികം ലഭ്യമാകുന്നതിനാൽ അവബോധം വളർത്തുന്നതിൽ വകുപ്പ്  ശ്രമങ്ങൾ നടത്തിവരുന്നു. അതേസമയം, ഷാർജ പൊലീസിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ലഹരിമരുന്ന് പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാരം നടത്തുന്നതിനുമുള്ള ക്രിമിനൽ പദ്ധതികളെ പരാജയപ്പെടുത്താൻ കഴിഞ്ഞു.