റിയാദ്: നീണ്ട ഇടവേളക്ക് ശേഷം ഇറാനിൽ നിന്നുള്ള ഉംറ തീർഥാടകർ പുണ്യഭൂമിയിലേക്ക്. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉംറ നിർവഹിക്കാൻ ഇറാനിയൻ തീർഥാടകർ ഡിസംബർ 19 ചൊവ്വാഴ്ച സഊദി അറേബ്യയിൽ എത്തിത്തുടങ്ങുന്നത്. ഇറാൻ ഹജ്ജ് ആൻഡ് പിൽഗ്രിമേജ് ഓർഗനൈസേഷൻ മേധാവി അബ്ബാസ് ഹുസൈനിയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ബാച്ചിൽ 550 തീർഥാടകർ ഉണ്ടാകുമെന്ന് ഇറാനിലെ തെഹ്‌റാനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഹുസൈനി പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഡിസംബർ 19 ന് മക്കയിലെ വിശുദ്ധ ഭവനത്തിൽ എത്തുന്ന തീർത്ഥാടകർ 10 ദിവസം സഊദി അറേബ്യയിൽ തങ്ങും. ഇതിൽ അഞ്ച് ദിവസം മക്കയിലും അഞ്ച് ദിവസം മദീനയിലുമായിരിക്കും തീർത്ഥാടകർ ചിലവഴിക്കുകയെന്ന് അബ്ബാസ് ഹുസൈനിയെ ഉദ്ധരിച്ച് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻസ് ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. സഊദി ഹജ്ജ്, ഉംറ മന്ത്രാലയവുമായി ആവശ്യമായ കൂടിയാലോചനകളും ഏകോപനവും നടത്തി ഇത് സംബന്ധിച്ച ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ചതിന് ശേഷമാണ് ഇറാനിയൻ ഉംറ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ഹുസൈനി പറഞ്ഞു.
തീർഥാടകരുടെ ആദ്യ സംഘം ടെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സഊദി അറേബ്യയിലേക്ക് പുറപ്പെടുമെന്നും പിന്നീട് മഷാദ്, തബ്രിസ്, ഇസ്ഫഹാൻ, യാസ്ദ്, കെർമാൻ, അഹ്‌വാസ്, ഷിറാസ്, സാരി, സഹദാൻ തുടങ്ങിയ മറ്റ് നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും ഉംറ വിമാനങ്ങൾ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 550 ബാച്ചുകളിലായി 70,000 ഇറാനിയൻ തീർഥാടകർ ഈ കാലയളവിൽ ഉംറ നിർവ്വഹിക്കും. വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ഫെബ്രുവരി 29 വരെ ഉംറ തീർഥാടകരെ അയയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008-ൽ തീർഥാടനത്തിന്റെ പ്രാരംഭ രജിസ്ട്രേഷൻ നടത്തിയവർക്ക് തീർഥാടനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ഹുസൈനി പറഞ്ഞു. 5.7 മില്യൺ ഇറാനികൾ ഉംറ തീർഥാടനത്തിൽ പങ്കെടുക്കാൻ തങ്ങളുടെ ഊഴം കാത്ത് ക്യൂവിൽ ഉണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും മറ്റ് അനുബന്ധ സ്ഥാപനങ്ങൾ ആവശ്യമായ സഹകരണം നൽകുകയാണെങ്കിലും ഉംറയ്ക്കായി സഊദി അറേബ്യയിലേക്ക് ഓരോ വർഷവും 800,000 മുതൽ ഒരു ദശലക്ഷം തീർഥാടകരെ അയക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ ബന്ധം വിച്ഛേദിച്ചതിന് ശേഷം 2023 മാർച്ചിലാണ് ചൈനയുടെ ഇടപെടലിനെ തുടർന്ന് രാജ്യങ്ങളും തമ്മിൽ നയന്തന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. ചൈനയുടെ മധ്യസ്ഥതയിലുള്ള കരാറിലൂടെയാണ് ഇറാനും സഊദി അറേബ്യയും സുപ്രധാന സംഭവവികാസം കൈകാര്യം ചെയ്‌തു നയതത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനം കൈകൊണ്ടത്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന് ഒരു വർഷം മുമ്പ്, 2015-ൽ ഇറാൻ ഉംറ തീർഥാടകരെ അയക്കുന്നത് നിർത്തിവെച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക