റിയാദ്: സഊദിയിൽ ഒരാഴ്ചയ്ക്കിടെ 9,369 നിയമലംഘകരെ നാടുകടത്തി. വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 17,257 വിദേശികളെയും അറസ്റ്റ് ചെയ്തു. നവംബർ 30 മുതൽ ഡിസംബർ ആറ് വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
11,183 പേർ താമസനിയമം ലംഘിച്ചവരും 3,765 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,309 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 481 പേർ അറസ്റ്റിലായി. ഇതിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 62 നിയമലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു.
താമസം, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്‌തിരുന്ന എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. മൊത്തം 51,884 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 45,672 പുരുഷന്മാരും 6,212 സ്ത്രീകളുമാണ്.