ജിദ്ദ: വ്യക്തമായ അറിവില്ലാതെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നീക്കിയതിനെ തുടർന്ന് സഊദി അറേബ്യയിൽ ജയിലിൽ അകപ്പെട്ട മലയാളി രണ്ടര വർഷത്തിനു ശേഷം ജയിൽ മോചിതനായി. തിരുവനന്തപുരം വിതുര സ്വദേശി റഷീദ് ആണ് ദുരിതങ്ങൾക്കൊടുവിൽ നാടണഞ്ഞത്. നാല് വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ ജിദ്ദയിൽ എത്തിയ റഷീദ്, വ്യാജ സാമൂഹ്യപ്രവർത്തകൻ ചമഞ്ഞെത്തിയ സുഹൃത്തിന്റെ വാക്ക് കേട്ടതാണ് ജയിലിൽ അകപ്പെടാൻ ഇടയായത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ റഷീദിനെ സ്വദേശിയായ സ്‌പോൺസർ റഷീദിനെ തന്റെ സ്‌പെയർ പാർട്‌സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിച്ചു. സ്വദേശിവത്ക്കരണം ശക്തമായ സമയത്ത് പരിശോധന കർശനമാക്കിയപ്പോഴാണ് റഷീദിന്റെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്, സ്വദേശി തൊഴിലെടുക്കെണ്ട തസ്തികയിൽ വിദേശിയെ കണ്ട പോലീസ് അടുത്ത തവണ പരിശോധനക്കെത്തുമ്പോൾ തൊഴിൽ സ്ഥലത്ത് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നൽകി. ഇത് കേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിന്റെ അടുത്ത് അഭയം തേടി.
പാസ്‌പോർട്ട് സ്‌പോൺസറുടെ അടുത്ത് ആയതിനാൽ ഉടൻ നാട്ടിലെത്താൻ സാമൂഹ്യ പ്രവർത്തകൻ ചമഞ്ഞ് അടുത്തെത്തിയ ഷാൻ എന്നയാൾ വഴി പറഞ്ഞു കൊടുത്തത് റഷീദിന് വിനയായി. ജിദ്ദയിലെ നാട് കടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിലടച്ച് മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നാണ് ഷാൻ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി നാലായിരം റിയാൽ റഷീദിൽ നിന്നും വാങ്ങിയ ഷാനെ പിന്നീട് കണ്ടിട്ടില്ല.
ഇതിനിടയിൽ റഷീദ് ഒളിച്ചോടിയെന്ന പരാതിയും സ്‌പോൺസർ കൊടുത്തിരുന്നു. മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ് 28 മാസമാണ് ജയിലിൽ കിടന്നത്. ഇതിനിടയിൽ ജിദ്ദയിൽ നിന്നും റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റിയിരുന്നു. ജയിൽ മോചനത്തിനായി വിവിധ കേന്ദ്രങ്ങളെ റഷീദിന്റെ മാതാപിതാക്കൾ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
തുടർന്ന് വിഷയം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് റഷീദിന് മോചനം സാധ്യമായത്. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടൽ മൂലം പരിഹരിച്ചാണ് റഷീദിനെ സഊദി കോടതി ജയിൽ മോചിതനാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദിൽ നിന്നും മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ റഷീനെ സഹോദരൻ റമീസും മറ്റ് ബന്ധുക്കളും സ്വീകരിച്ചു. സഹോദരന്റെ മോചനത്തിനായി പരിശ്രമിച്ച എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
News input from malayalamnews