പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ സ്ത്രീക്ക് തലയിൽ വെടിയേറ്റു; ഉദ്യോഗസ്ഥൻ ഒളിവിൽ

0
2429

ലഖ്‌നൗ: പാസ്‌പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയ സ്ത്രീക്ക് അലിഗഢിൽ പോലീസ് സ്‌റ്റേഷനിൽ വെച്ച് തലക്ക് വെടിയേറ്റു.
ഇസ്രത്തിനാണ് തലക്ക് വെടിയേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.50ഓടെയാണ് അപകടം ഉണ്ടായത്. ഇൻസ്പെക്ടർ മനോജ് ശർമ്മയുടെ തോക്കിൽ നിന്നാണ് വെടി പൊട്ടിയത്.

വെടിവെച്ച ഇൻസ്പെക്ടർ മനോജ് ശർമ്മ ഒളിവിലാണ്. തൻ്റെ ഊഴത്തിനായി കാത്തുനിൽക്കുന്നതിനിടെ തൊട്ടടുത്ത് നിന്ന ഇൻസ്പെക്ടറുടെ തോക്കിൽ നിന്നും വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ ഉടൻ ഇസ്രത്ത് തറയിലേക്ക് വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. ഇൻസ്പെക്ടർ മനോജ് ശർമ്മയെ സസ്‌പെൻഡ് ചെയ്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി അലി​ഗഢ് എസ്പി കലാനിധി നൈതാനി പറഞ്ഞു.