വിദേശത്ത് ജീവൻ പൊലിഞ്ഞത് 403 ഇന്ത്യൻ വിദ്യാർത്ഥികൾക്ക്; വിദേശത്ത് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കണക്ക് പുറത്തുവിട്ട് മന്ത്രി

0
1213

2018 മുതൽ 403 ഇന്ത്യൻ വിദ്യാർത്ഥികള്‍ വിദേശത്ത് മരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പാർലമെന്റിൽ പറഞ്ഞു. 34 രാജ്യങ്ങളിലാണ് ഈ മരണങ്ങള്‍ സംഭവിച്ചതെന്നും ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കാനഡയിലാണെന്നും അദ്ദേഹം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കില്‍ വ്യക്തമാക്കി. 

2018 മുതൽ കാനഡയിൽ 91 ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുകെയില്‍ 48, റഷ്യയില്‍ 40, യുണൈറ്റഡ് സ്റ്റേറ്റ്സില്‍ 36, ഓസ്‌ട്രേലിയയില്‍ 35, യുക്രെയ്നില്‍ 21, ജർമ്മനിയില്‍ 20, സൈപ്രസില്‍ 14, ഇറ്റലി, ഫിലിപ്പീൻസ്  എന്നീ രാജ്യങ്ങളില്‍ 10 വീതം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകട മരണങ്ങളും സ്വാഭാവിക മരണങ്ങളം കൊലപാതകങ്ങളും ഉള്‍പ്പെടെയാണ് ഈ കണക്ക്.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. മുതിർന്ന ഉദ്യോഗസ്ഥര്‍ പതിവായി വിദേശങ്ങളിലെ കോളേജുകളും സർവകലാശാലകളും സന്ദർശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.