റിയാദ്: ‘റിയാദ് മോട്ടോർ ഷോ 2023’ന് തുടക്കം. സൗദിയിലും പശ്ചിമേഷ്യൻ മേഖലയിലും ആദ്യമായി നിർമിക്കുന്ന വാഹനങ്ങളുടെ മോഡലുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിലാണ് ലോക വാഹന വിപണിയിലെ 50 ലധികം പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തോടെ പ്രദർശനം ആരംഭിച്ചത്.
വിപണിയിലേക്കെത്തുന്ന ഏറ്റവും പുതിയ വാഹനങ്ങൾ പ്രദർശിപ്പിക്കുന്നതിനും കമ്പനികൾക്ക് സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുമാണ് മോട്ടോർ ഷോയിൽ അവസരമൊരുക്കുന്നത്. ഉദ്ഘാടന ദിവസമായ ചൊവ്വാഴ്ച വൻ സന്ദർശന ബാഹുല്യമാണ് മേളയിലെത്തിയത്.
ലോകോത്തര ബ്രാൻഡുകളിലുള്ള ഇലക്ട്രിക് കാറുകൾ ഉൾപ്പെടെയുള്ളവയും പ്രദർശനത്തിലുണ്ട്. ഫോർ-വീൽ, ഓഫ്-റോഡ് ഡ്രൈവ് ഡെമോസ്ട്രേഷനുകൾ, ഗോ-കാർട്ട് റേസിങ് ട്രാക്കുകൾ, ടെസ്റ്റ് ഡ്രൈവിങ് എന്നിവയും മേളനഗരിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശകർക്ക് അവരുടെ സ്വപ്ന വാഹനങ്ങൾ ഓടിക്കാനുള്ള അവസരമുണ്ട്.
കുട്ടികൾക്ക് പ്രത്യേക വിനോദ ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ (പി.ഐ.എഫ്) കീഴിൽ സൗദിയിൽ ആദ്യമായി നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് വാഹനങ്ങളുടെയും മറ്റ് ഇലക്ട്രിക് കമ്പനികളുടെ വാഹനങ്ങളുടെയും ലോഞ്ചിങ്ങും ഈ പരിപാടിയിൽ നടക്കും. കൂടാതെ ഭാവിയിൽ അവതരിക്കാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ മോഡലുകളുടെ അനാച്ഛാദനവും അഞ്ച് ദിവസങ്ങളിലായി നടത്തുന്ന ഷോയുടെ ഭാഗമായുണ്ടാവും.