ഇന്ത്യന്‍ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണം; ധനസമാഹരണ ക്യാമ്പയിനുമായി ഭാര്യ

0
1387

മെല്‍ബണ്‍: ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സഹായം തേടുകയാണ് ഖുശ്ദീപിന്റെ ഭാര്യ. തിങ്കളാഴ്ച രാത്രി 11.15ഓടെ മെല്‍ബണിലെ പാമേഴ്‌സ് റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇന്ത്യക്കാരനായ ഖുശ്ദീപ് ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനില്‍ ഇടിക്കുകയായിരുന്നെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എമര്‍ജന്‍സി സര്‍വീസ് സംഘം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തിന്റെ കൂടുതല്‍ വിവരങ്ങളും കാരണവും വിശദമായി കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷീണം കാരണം ഖുശ്ദീപ് സിങ്ങിന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാകാമെന്നാണ് പ്രാഥമിക നിഗമനം.

മെല്‍ബണില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു യുവാവ്. ഭർത്താവിന്റെ മൃതദേഹം ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിന് ഖുശ്ദീപ് സിങ്ങിന്‍റെ ഭാര്യ ജപ്‌നീത് കൗർ  GoFundMeയിൽ ധനസമാഹരണ ക്യമ്പയിൻ ആരംഭിച്ചു. ചെറുതോ വലുതോ ആയ സംഭാവനകൾ നൽകി സഹായിക്കണമെന്ന് ജപ്‌നീത് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷമാണ് രാജ്യാന്തര വിദ്യാർഥിയായി ജപ്‌നീത് കൗർ ഓസ്‌ട്രേലിയയിൽ എത്തിയത്.