പി.വി അൻവർ എം.എൽ.എക്കെതിരെ നവകേരള സദസ്സിൽ പരാതി

0
2739

മലപ്പുറം: പി.വി അൻവർ എം.എൽ.എക്കെതിരെ നവകേരള സദസ്സിൽ പരാതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.വി ഷാജിയാണ് വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിൽ പരാതി നൽകിയത്. നേരത്തെ നവകേരള സദസ്സിൽ അഹമ്മദ് ദേവർകോവിലിനെതിരെ പരാതി ഉയർന്നിരുന്നു.

63 ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പായി കിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വടകര സ്വദേശി എ.കെ യൂസുഫാണ് അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അഹമ്മദ് ദേവർകോവിൽ പരാതിക്കാരനുമായി ബിസിനസിൽ ഏർപ്പെടുകയും ഇയാൾക്ക് സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് 2015ൽ ഇയാൾ ഒരു കേസ് നൽകിയിരുന്നു. ഇതിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഹമ്മദ് ദേവർ കോവിലിനെതിരെ രണ്ടുവർഷത്തെ ജയിൽ ശിക്ഷയും 63 ലക്ഷം പിഴയും ഈടാക്കിയിരുന്നു.

ഇതിന് പിന്നാലെ അഹമ്മദ് ദേവർ കോവിൽ അപ്പീൽ നൽകുകയും കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63 ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ രണ്ട് വർഷത്തോളം അഹമ്മദ് ദേവർ കോവിൽ പണം നൽകാതെ അവധി പറഞ്ഞു നീട്ടികൊണ്ടുപോവുകയും കബളിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.