കുഞ്ഞിനെ തട്ടിക്കൊണ്ടുപോയിട്ട് അഞ്ചു മണിക്കൂർ പിന്നിടുന്നു; മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം, വിവരം കിട്ടുന്നവർ 112 അറിയിക്കുക

0
3219

മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തിയെങ്കിലും കുട്ടി എവിടെയാണെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ചു സൂചനയുണ്ടെന്ന് ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്കു വന്ന ഫോൺ കോളിന്റെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്. സംസ്ഥാനമാകെ വ്യാപകമായ പരിശോധന നടത്തുകയാണ് പൊലീസ്. 

മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് അഭികേൽ സാറ. ഇന്നു വൈകിട്ടായിരുന്നു കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ഓയൂർ മരുതമൺപള്ളിക്കു സമീപം വച്ചാണു  തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരൻ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്നു കുടുംബം സംഭവത്തെക്കുറിച്ചു പൊലീസിൽ ഫോൺ വിളിച്ചു അറിയിച്ചു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറിൽ നാലുപേരാണുണ്ടായിരുന്നത്.

കുട്ടിയെക്കുറിച്ചോ കാറിനെക്കുറിച്ചോ വിവരം കിട്ടുന്നവർ ഈ നമ്പറുകളിൽ അറിയിക്കുക: 9946923282, 9495578999