മലപ്പുറം: നവകേരള സദസിലെ ലീഗ് സാന്നിധ്യം ചർച്ചയാകുന്നതിനിടെ, പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ ഹസീബ് സഖാഫ് തങ്ങൾ തിരൂരിൽ നവകേരള സദസിൽ പങ്കെടുത്തു. തിരൂരിലെ പ്രഭാത യോഗത്തിലാണ് ഹസീബ് സഖാഫ് തങ്ങൾ പങ്കെടുത്തത്. കക്ഷി രാഷ്ട്രീയം യോഗത്തിൽ പ്രസക്തമല്ല. വികസനമാണ് പ്രധാനമെന്ന് ഹസീബ് സഖാഫ് തങ്ങൾ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ അതിവേഗ പാത യാഥാർഥ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹസീബിന് പുറമേ കോൺഗ്രസ് നേതാവും തിരുനാവായ മുൻ ബ്ളോക്ക് പ്രസിഡന്റുമായ സി മൊയ്‌തീൻ പ്രഭാത യോഗത്തിനെത്തിയതും ശ്രദ്ധനേടുകയാണ്. ഇരുവരും യോഗത്തിൽ പ്രസംഗിച്ചു. എന്നാൽ ഹസീബ് മുസ്‌ലിം ലീഗ് പ്രവർത്തകനല്ല.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നവകേരള സദസിനെത്തിയ കോൺഗ്രസ് നേതാവ് സി മൊയ്തീൻ തിരുന്നാവായ മുൻ ബ്ലോക്ക് പ്രസിഡന്റാണ്. നവ കേരള സദസ് ഇന്ന് മുതൽ മലപ്പുറത്താണ് പര്യടനം. തിരൂരിലാണ് പ്രഭാത യോഗത്തിന് ശേഷം രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂര്‍ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂര്‍ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയും ലീഗ്, കോൺഗ്രസ് നേതാക്കൾ നവകേരള സദസിലെത്തിയിരുന്നു. ചുരം സംരക്ഷണസമിതി പ്രസിഡന്റും കട്ടിപ്പാറ പയോണ വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡന്റുമായ വി.കെ. മൊയ്തു മുട്ടായി, കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കൊടുവള്ളി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമായ മക്കാട്ട് മാധവൻ നമ്പൂതിരി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. അബൂബക്കർ എന്നിവരാണ് ഓമശ്ശേരി പുത്തൂരിലെ അമ്പലക്കണ്ടി സ്‌നേഹതീരം ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന പ്രഭാതയോഗത്തിൽ പങ്കെടുത്തത്.
നവകേരള സദസിൽ പങ്കെടുത്ത എൻ അബൂബക്കറിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. യു കെ ഹുസൈൻ, മൊയ്‌തു മുട്ടായി എന്നിവരെ ലീഗിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി പാർട്ടി സംസ്ഥാന കമ്മിറ്റിയും അറിയിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക