വിടവാങ്ങിയതിലോരുവൾ അരങ്ങിലെ രാജകുമാരി ആൻ റിഫ്ത; ചവിട്ടുനാടക വേദിയിലെ പ്രിയങ്കരിയായ താരം
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർഥികളുടെ മൃതദേഹം ക്യാംപസിൽ പൊതുദർശനത്തിനുവച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20), ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണു മരിച്ചത്. ആൽബിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.
അതേസമയം, സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കും. അസ്വഭാവിക മരണത്തിനു പൊലീസും കേസെടുത്തിട്ടുണ്ട്.
അപകടത്തിൽ 66 പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരനിലയിലുള്ളവരിൽ 2 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ശ്വേത എന്നിവർ ആസ്റ്റർ മെഡ്സിറ്റിയിലുമാണ്. 46 പേരെ കളമശേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും 16 പേരെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണു നാടിനെ നടുക്കിയ ദുരന്തം. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്. ഏഴു മണിക്കാണു ഗാനമേള തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതിനായി സംഘാടകസമിതി നൽകിയ കറുത്ത ടീഷർട്ടിട്ട കുറച്ചുപേരെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ധാരാളം വിദ്യാർഥികൾ ഇതേസമയം പുറത്തു തടിച്ചുകൂടി. ഇതിനിടെ മഴപെയ്തതോടെ വിദ്യാർഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു. ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമായി. തലയടിച്ചാണു പലരും വീണത്.
വിടവാങ്ങിയത് അരങ്ങിലെ രാജകുമാരി ആൻ റിഫ്ത; ചവിട്ടുനാടക വേദിയിലെ പ്രിയങ്കരിയായ താരം
പറവൂർ: ചവിട്ടുനാടക വേദിയിലെ താരമായിരുന്ന ആൻ റിഫ്തയുടെ മരണം നാടിനു തേങ്ങലായി. ചവിട്ടുനാടകക്കളരിയിലെ ആശാനായ പിതാവ് റോയ് ജോർജ്കുട്ടിയുടെ കൈപിടിച്ചാണ് ആൻ റിഫ്ത വേദിയിലെത്താറുള്ളത്. റോയ് സംവിധാനം ചെയ്ത ഒട്ടേറെ നാടകങ്ങളുടെ ഭാഗമായി. ജൊവാൻ ഓഫ് ആർക്ക്, കാറൽസ്മാൻ, വിശുദ്ധ ഗീവർഗീസ്, സെന്റ് സെബാസ്റ്റ്യൻ തുടങ്ങി അനേകം നാടകങ്ങളിൽ അഭിനയിച്ചു. കുട്ടിക്കാലത്തു തന്നെ വേദിയിലെത്തിയ ആൻ റിഫ്ത നായിക കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ആൻ റിഫ്തയുടെ മാതാവ് സിന്ധു ഇറ്റലിയിലാണ്. കോളജിലെ പരിപാടിയെക്കുറിച്ചെല്ലാം മകൾ വീട്ടിൽ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, നിനച്ചിരിക്കാതെ ദുരന്ത വാർത്തയെത്തിയതോടെ എല്ലാവരും തകർന്നുപോയി. സഹോദരൻ റിഥുലാണ് കൂട്ടുകാർക്കൊപ്പം ആശുപത്രിയുടെ പടവുകളോടിക്കയറിയെത്തിയത്. ആ വാർത്ത ശരിയാകരുതേ എന്ന പ്രാർഥനയോടെ വന്ന റിഥുൽ അവിടെ തളർന്നിരുന്നു.
രാജകുമാരിയുടെ വേഷമാണ് ആൻ റിഫ്ത പ്രധാനമായി ചെയ്തിരുന്നത്. സഹോദരൻ റിഥുലും ചവിട്ടുനാടങ്ങളിൽ സജീവമാണ്. കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടക കലാസമിതിയുടെ ആശാനായിരുന്നു റോയ് ജോർജുകുട്ടി. റോയിയുടെ വീട്ടുമുറ്റത്താണു ചവിട്ടുനാടകങ്ങളുടെ പരിശീലനം നടന്നിരുന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക