ഫലസ്തീൻ വിഷയത്തിൽ നിലപാട് കടുപ്പിച്ച് സ്‌പെയിൻ. യൂറോപ്യൻ യൂനിയൻ(ഇ.യു) ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചിക്കണമെന്നാണ് സ്‌പെയിൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ സ്വന്തം നിലയ്ക്കു വേണ്ട നടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് വ്യക്തമാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യൂറോപ്യൻ യൂനിയനും അംഗരാജ്യങ്ങളും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കേണ്ട സമയമാണിതെന്ന് സാഞ്ചെസ് ഈജിപ്തിലെ റഫാ അതിർത്തിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. അംഗരാജ്യങ്ങളുടെയെല്ലാം പിന്തുണയോടെ ഒട്ടും ആലോചിക്കാതെ, എത്രയും വേഗം ഈ അംഗീകാരം വരണം.
അതുണ്ടായില്ലെങ്കിൽ സ്‌പെയിൻ സ്വന്തം നിലയ്ക്കു തീരുമാനം കൈക്കൊണ്ടുമുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതുകൊണ്ടായില്ലെന്നും സ്ഥായിയായ വെടിനിർത്തലാണു വേണ്ടതെന്നും പെഡ്രോ സാഞ്ചെസ് ആവശ്യപ്പെട്ടു.