ദമാം: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി സഊദി ഘടകത്തിനു ഇനി പുതിയ നേതൃത്വം. വെള്ളിയാഴ്ച മക്കയിൽ നടക്കുന്ന ദേശീയ കൗൺസിൽ മീറ്റിലാണ്മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വാഗ്വദങ്ങൾക്കും ഒടുവിൽ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അസ്വാരസ്യങ്ങളില്ലാതെ നേതൃ കൈമാറ്റം സാധ്യമാക്കാൻ മാതൃസംഘടനയായ മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന നേതാക്കൾ ദിവസങ്ങൾക്കു മുമ്പേ സഊദിയിലെത്തി ശ്രമം നടത്തിയെങ്കിലും സമവായം ഇല്ലാത്തതിനെ തുടർന്ന് ഏറെ പണി പെട്ടാണ് പ്രധാന പോസ്റ്റുകളിൽ പ്രഖ്യാപനം വന്നത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഖാദർ ചെങ്കള ചെയർമാൻ, കുഞ്ഞിമോൻ കാക്കിയ പ്രസിഡന്റ്, അഷ്റഫ് വേങ്ങാട് ജനറൽ സിക്രട്ടറി, അഹമ്മദ് പാളയാട്ട് ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ഞിമോൻ കാക്കിയയയെ ഏകദേശ ധാരണയിൽ എത്തിയിരുന്നെങ്കിലും ജനറൽ സിക്രട്ടറി സ്ഥാനമാണ് കീറാമുട്ടിയായത്. ട്രഷറർ സ്ഥാനത്തേക്ക് നേരത്തെ തന്നെ അഹമ്മദ് പാളയാട്ടിനെയം നേതൃത്വം കണ്ടെത്തിയിരുന്നു. ഈ സ്ഥാനങ്ങളിലേക്ക് മറ്റാരും മത്സരിക്കാനെത്തിയില്ല. കീറാമുട്ടിയായ ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് ഖാദർ ചെങ്കള, അഷ്‌റഫ് വെങ്ങാട്ട് എന്നിവർക്കായി ഇരു പക്ഷവും വിട്ടുവീഴ്ചക്ക് തയ്യാറാക്കാതെ നിന്നതോടെ അവസാനം വോട്ടെടുപ്പ് എന്ന ഫോർമുലയിൽ എത്തി. ഒടുവിലാണ് ഖാദർ ചെങ്കളയെ ചെയർമാൻ ആയും അഷ്‌റഫ് വേങ്ങാടിനെ ജനറൽ സിക്രട്ടറി ആയും പ്രഖ്യാപിച്ചത്. സമവായത്തിനായാണ് പുതിയ പോസ്റ്റ് സൃഷ്ടിച്ച് ഖാദർ ചെങ്കളയെ അവിടെ പ്രതിഷ്ടിച്ച് പ്രശ്നം പരിഹരിച്ചത്.
മക്കയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറ്റവും കൂടുതൽ പേർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഷ്‌റഫ് വേങ്ങാട്ടിനെ പിന്തുണച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഖാദർ ചെങ്കളയും മത്സരരംഗത്തുണ്ടായിരുന്നു.
പുതിയ മെംബർഷിപ് കാമ്പയിന് ശേഷം 38 പ്രവിശ്യാ സെൻട്രൽ കമ്മിറ്റികളുടെയും അവക്കു കീഴിൽ ജില്ല കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയാണ് ദേശീയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. മെമ്പർഷിപ്പിന് ശേഷം നിലവിൽ അംഗങ്ങളുടെ എണ്ണം 55,000 ആയി ഉയർന്നിട്ടുണ്ട്. 500 അംഗങ്ങൾക്ക് ഒരു കൗൺസിലർ എന്ന നിലയിൽ ഏകദേശം 110 കൗൺസിലർമാരാണ് ദേശീയ ഘടകത്തിലുള്ളത്.
16,000 അംഗങ്ങളുള്ള ജിദ്ദ സെൻട്രൽ കമ്മിറ്റിക്കാണ് കൗൺസിലിൽ ആധിപത്യം കൂടുതൽ എങ്കിലും പ്രധാന പോസ്റ്റിൽ ട്രഷറർ സ്ഥാനം കൊണ്ട് ഇവർക്ക് തൃപ്തിപ്പെടേണ്ടി വന്നു. . 10,000 അംഗങ്ങളുമായി റിയാദും 7500 അംഗങ്ങളുമായി ദമാമും ആണ് തൊട്ടുപിറകെയുണ്ട്. ഇവിടെയാണ് ജനറൽ സിക്രട്ടറി സ്ഥാനം റിയാദും ചെയർമാൻ സ്ഥാനം ദമാമും പങ്കിട്ടത്. കെ.എം.സി.സി സംഘടനാ രൂപത്തിൽ സഊദിയിൽ പ്രവർത്തിച്ചുതുടങ്ങി 40 വർഷം പൂർത്തിയാകുന്ന വേളയിൽ മുസ്‌ലിം ലീഗ് തങ്ങളുടെ ഏറ്റവും ശക്തമായ പോഷക ഘടകമായി അതിനെ അംഗീകരിച്ചു എന്ന പ്രാധാന്യംകൂടി ഇപ്പോഴുണ്ട്.
അതിനാൽ തന്നെ ലീഗ് സംസ്ഥാന നേതൃത്വം അതിഗൗരവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. 2018ൽ അന്നത്തെ ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി തങ്ങൾ ഇടപെട്ട് അഷറഫ് വേങ്ങാട്ട് പ്രസിഡന്‍റും ഖാദർ ചെങ്കള ജനറൽ സെക്രട്ടറിയുമായി ഒരു അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കി മെംബർഷിപ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും കൊവിഡ് മഹാമാരി വന്നതോടെ സംഘടന തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരുന്നു. നീണ്ട അഞ്ചു വർഷത്തിനിപ്പുറമാണ് ഇപ്പോൾ ഔദ്യോഗിക കമ്മിറ്റി നിലവിൽ വന്നത്.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സഊദി കെ.എം.സി.സി തെരഞ്ഞെടുപ്പിന്‍റെ മുഖ്യ ചുമതലക്കാരൻകൂടിയായ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറഹ്മാൻ കല്ലായി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, തുടങ്ങി മുതിർന്ന നേതാക്കൾ ദിവസങ്ങളായി സഊദിയിൽ ചർച്ചക്കളുമായി രംഗത്തുണ്ടായിരുന്നു. ഇവർ മുഴുവൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച പൂർത്തിയാക്കി അഭിപ്രായങ്ങൾ സ്വരൂപിക്കാൻ ശ്രമം നടത്തിയെങ്കിലും കൗൺസിൽ മീറ്റിൽ കടുത്ത വാഗ്വാദം ആണ് ഉണ്ടായത്. ഒരു വിഭാഗം അതൃപ്തി പരസ്യമാക്കി രംഗത്തുണ്ടായത് നേതാക്കളെ തെല്ലൊന്നുമല്ല വെള്ളം കുടുപ്പിച്ചത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക