ജിദ്ദ: സഊദിയിൽ അറേബ്യയുടെ കയറ്റുമതിയിൽ 17.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സെപ്റ്റംബറിൽ 103.8 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 2022 സെപ്റ്റംബറിൽ കയറ്റുമതി 125.3 ബില്യൺ റിയാലായിരുന്നു. എണ്ണ കയറ്റുമതി 17.1 ശതമാനം തോതിൽ കുറഞ്ഞത് ആകെ കയറ്റുമതിയിൽ പ്രതിഫലിക്കുകയായിരുന്നു.
സെപ്റ്റംബറിൽ 83.1 ബില്യൺ റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ എണ്ണ കയറ്റുമതി 100.3 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 17.2 ബില്യൺ റിയാലിന്റെ കുറവ് രേഖപ്പെടുത്തി.
സെപ്റ്റംബറിൽ ഇറക്കുമതി 2.2 ശതമാനം തോതിൽ കുറഞ്ഞ് 60.1 ബില്യൺ റിയാലായി. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ ഇറക്കുമതി 61.5 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇറക്കുമതിയിൽ 1.4 ബില്യൺ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതി 13.7 ശതമാനം തോതിൽ കുറഞ്ഞു.