ഐക്യത്തിന്റെ കാഹളമോതുന്ന മദീനയിൽ വെച്ച് തന്നെ നടത്തിയ വിഭാഗീയ പ്രസംഗം അണികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്
മദീന: മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി സമസ്തക്ക് നേരെ നടത്തിയ പ്രസംഗം വിവാദത്തിൽ. വിശുദ്ധ മദീനയിൽ നടന്ന കെഎംസിസി യോഗത്തിലാണ് സുപ്രഭാതം പത്രത്തിനെതിരെ പേരെടുത്ത് പരാമർശിക്കാതെ കല്ലായിയുടെ കത്തിക്കയറുള്ള പ്രസംഗം. മുസ്‌ലിം ലീഗ് നേതാക്കൾ വേദിയിൽ ഇരിക്കെയാണ് കല്ലായി സുപ്രഭാതം പത്രത്തിനെതിരെ ആഞ്ഞടിച്ചത്.
മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും കോട്ടക്കൽ എംൽഎ ആബിദ് ഹുസൈൻ തങ്ങളും വേദിയിൽ ഇരിക്കെയാണ് ചന്ദ്രികയുടെ പേരിൽ സുപ്രഭാതം പത്രത്തിനെതിരെ കല്ലായി ആഞ്ഞടിച്ചത്. ലീഗ് വീണ്ടും സമസ്തക്ക് നേരെ തിരിയുന്നുവെന്ന തരത്തിലാണ് കല്ലായിയുടെ പ്രസംഗം ചർച്ചയാകുന്നത്. കെഎംസിസിയും സമസ്ത സംഘടനയായ എസ് ഐ സി യും ഐക്യത്തോടെ പോകുന്നന്നതിനിടെ ഇത്തരം നീക്കങ്ങളിലൂടെ നേതാക്കൾ വിഭാഗീയതക്ക് ആക്കം കൂട്ടുന്നുവെന്ന പരാതി ഉയർന്നിട്ടുണ്ട്.
നേതാക്കൾ ഗൾഫ് നാടുകളിലും സമസ്തക്കെതിരെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് തിരി കൊളുത്തുകയാണെന്നും കെഎംസിസിയിലെ സമസ്ത വിരുദ്ധരുടെയും സലഫികളുടെയും പൂർണ പിന്തുണയോടെയാണ് നിലവിലെ വിവാദങ്ങൾക്ക് നേതാക്കൾ നേതൃത്വം നൽകുന്നതെന്നും ഇരു വിഭാഗത്തെയും ഒരുപോലെ കൊണ്ട് പോകുന്ന നേതാക്കളും അണികളും പറയുന്നു. സോഷ്യൽ മീഡിയയിൽ കല്ലായിയുടെ പ്രസംഗതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ചന്ദ്രിക സമൂഹത്തിനു ചെയ്ത സേവനങ്ങൾ അക്കമിട്ട് നിരത്തി ശ്രദ്ധേയമായ പ്രസംഗത്തിന്റെ അവസാന ഭാഗത്താണ് പത്താം വാർഷികം ആഘോഷിക്കുന്ന സുപ്രഭാതം പത്രത്തെ ഉന്നമിട്ട് കല്ലായി പൊട്ടിത്തെറിച്ചത്.
90 വർഷമായി ചന്ദ്രിക തുടങ്ങിയിട്ട്. എല്ലാ സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയും നില നിർത്തിയത് ചന്ദ്രികയാണ്, ഇപ്പൊ ഒരു കൂട്ടർ പറയുന്നു 9 വർഷം കൊണ്ട് 90 വർഷം പഴക്കമുള്ള പത്രത്തെ കവച്ചു വെച്ചിരിക്കുന്നു, എടൊ ഈ 90 വർഷക്കാലം നിവർന്നു നിൽക്കാൻ നട്ടെല്ല് നൽകിയ പ്രസ്ഥാനം ചന്ദ്രികയാണെന്ന് മറന്ന് പോകരുത് എന്നാണ് കല്ലായി പ്രസംഗിച്ചത്.ഐക്യത്തിന്റെ കാഹളമോതുന്ന മദീനയിൽ വെച്ച് തന്നെ നടത്തിയ വിഭാഗീയ പ്രസംഗം അണികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കല്ലായിയുടെ പ്രസംഗം കേൾക്കാം👇