ചരിത്ര നേട്ടം വീണ്ടും ആവർത്തിക്കാൻ ഖദീജ നിസ: സഊദി ദേശീയ ടീം അംഗമായ ഏക മലയാളി വനിത

0
1409

കഴിഞ്ഞ ദേശീയ ഗെയിംസിൽ കൊടുവള്ളിക്കാരിയായ ഈ പെൺകൊടി 10 ലക്ഷം റിയാൽ സമ്മാനവുമായാണ് വനിതാ ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻ പട്ടം നേടിയത്

റിയാദ്: രണ്ടാമത് സഊദി ദേശീയ ഗെയിംസിന് ഈ മാസം 26 ന് തുടക്കം കുറിക്കുമ്പോൾ രാജ്യത്തിന്റെ നാളിതുവരെയുള്ള കായികരംഗത്തെ ഏറ്റവും വലിയ കായിക മേളയ്ക്കാണ് കായികപ്രേമികളും താരങ്ങളും സാക്ഷ്യം വഹിക്കുന്നത്. സഊദി ദേശീയ ഗെയിംസിൽ തൻ്റെ തന്നെ പേരിലുള്ള സുവർണ നേട്ടം വീണ്ടും ആവർത്തിക്കുന്നതിനായി മൈതാനത്തിറങ്ങാൻ തയാറെടുത്തിരിക്കുകയാണ് സഊദി ദേശീയ ടീം അംഗമായ ഏക മലയാളി വനിതാ താരമായ ഖദീജ നിസ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ദേശീയ ഗെയിംസിൽ റിയാദ് ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂ‌ളിലെ പ്ലസ് ടു വിദ്യാർഥിനിയായ കോഴിക്കോട് കൊടുവള്ളിക്കാരിയായ ഈ പെൺകൊടിയായിരുന്നു വനിതാ ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻ. ഒന്നാം സ്‌ഥാനം നേടുന്നവർക്കുള്ള 10 ലക്ഷം റിയാൽ സമ്മാന നേട്ടമാണ് 2022 ലെ ഫൈനലിൽ വിജയിച്ച മലയാളി കായികതാരം കൈവരിച്ചത്. രാജ്യന്തര, ജിസിസി തല മൽസരങ്ങളിൽ ശ്രദ്ധേയമായ നിരവധി നേട്ടങ്ങളാണ് ബാഡ്മിന്റൺ കോർട്ടിൽ ഷട്ടിൽ പായിച്ച് ഖദീജ സ്വന്തമാക്കിയിരിക്കുന്നത്.

അത് കൊണ്ട് തന്നെ സഊദിയിലെ പ്രവാസി മലയാളികളുടെ മുഴുവൻ ശ്രദ്ധയും പ്രാർഥനയുംപ്രതീക്ഷയും സഊദിയുടെ ഷട്ടിൽ ബാഡ്മിന്റൺ ദേശീയ താരം കൂടിയായ ഈ കൊച്ചു മിടുക്കിക്കൊപ്പമാണ്. സഊദി അറേബ്യയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ പങ്കെടുക്കാനും മത്സരിക്കാനും അവസരം നൽകുന്നുണ്ട്. അങ്ങനെയാണ് ഖദീജയ്ക്കും ദേശീയ ചാംപ്യനും താരവുമാകാനുള്ള വാതിൽ തുറന്നത്. ഈ വർഷം റിയാദ് ക്ലബിനെ പ്രതിനിധീകരിച്ചാണ് കളത്തിലിറങ്ങുന്നത്.

ഈ മാസം 25 മുതൽ 27 വരെ മൂന്ന് ദിവസങ്ങളിലാണ് റിയാദിലെ എൽഡിഐ ഇൻഡോർ കോർട്ടിലാണ് ബാഡ്മിന്റൺ വനിത മത്സരങ്ങൾ നടക്കുന്നത്. ഈയടുത്ത് ബഹ്റൈനിൽ നടന്ന 19 വയസ്സിൽ താഴെയുള്ളവരുടെ ജൂനിയർ ഇന്റർ നാഷനൽ ചാംപ്യൻഷിപ്പിലും കൈനിറയെ മെഡലുകളാണ് സഊദിയെ പ്രതിനിധീകരിച്ച് നേടിയത്. വ്യക്ത‌തഗത ഇനത്തിലും ഡബിൾസ്, മിക്‌സഡ് ഡബിൾസ് എന്നിവയിലുമാണ് സ്വർണവും വെള്ളിയും ബ്രോൺസും തൂത്തുവാരി മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവച്ചത്.

കഴിഞ്ഞ ദേശീയ ഗെയിംസിൽ പങ്കെടുക്കാനെത്തുമ്പോൾ 1200 ലായിരുന്ന ലോക റാങ്ക്. ഇത്തവണ 133-ാം റാങ്ക് നേട്ടവുമായാണ് മൽസരത്തിനിറങ്ങുന്നത്. ഇക്കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏഴോളം രാജ്യാന്തര ടൂർണമെന്റുകളിലായി സഊദിയെ പ്രതിനിധീകരിച്ച് മികച്ചപ്രകടനം നടത്തിയതോടെ റാങ്കിങ് പട്ടികയിൽ ഉയരുകയായിരുന്നു. റിയാദിൽ ഐടി രംഗത്ത് പ്രവർത്തിക്കുന്ന എഞ്ചിനീയറായ പിതാവ് കൊടുവള്ളി, കൂടത്തിങ്കൽ ലത്തീഫ് കോട്ടൂർ നാട്ടിലും സഊദിയിലും ബാഡ്മിന്റൺ കളിക്കുന്നുണ്ട്. ലത്തീഫിന്റെ പിതാവായ കുടത്തിങ്ങൽ ഇബ്രാഹീം ഹാജിയും കൊടുവള്ളിയിൽ പേരെടുത്ത പഴയകാല ബോൾബാഡ്മിന്റൺ പ്ലയറും, വോളിബോൾ കളിക്കാരനും കളരിഗുരുക്കളുമായിരുന്നു. പ്രവാസ ലോകത്തും ബാഡ്മിന്റൺ കളിതുടർന്ന ലത്തീഫ് ഒപ്പം മക്കളെയും കൂടെ കൂട്ടുമായിരുന്നു. റിയാദിലെ സിൻമാർ ബാഡ്മിന്റൺ അക്കാദമിയിൽ  പിതാവ് ഷട്ടിൽ കളിക്കുന്നത് സ്ഥിരം കാഴ്ചയായത് ഖദീജക്കും ഒപ്പം സഹോദരങ്ങൾക്കും റാക്കറ്റ് കൈകളിലേന്താൻ പ്രേരണയായി. 

സഊദിയില്‍  ദേശീയ പരിശീലകനായ അമ്മാർ അവാദിന്റെ കീഴിലാണ് പരിശീലിച്ചത്. ഖസാക്കിസ്ഥാനിൽ നടന്ന ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ ഡബിൾസിൽ മൽസരിച്ച് രാജ്യാന്തരതലത്തിൽ ആദ്യമായി സഊദിക്കായി വിജയം നേടിയതും ഖദീജയുടെ ടീമായിരുന്നു. മെക്സിക്കൻ ചാലഞ്ച്, മാലദീവ്സ്, മൌറീഷ്യസ്, ബഹ്റൈൻ, ഈജിപ്റ്റ്, അൾജീരിയ അടക്കം നിരവധി രാജ്യാന്തര ടൂർണമെന്റുകളിലാണ് സഊദിക്കായി  മികച്ച വിജയം നേടിയത്.

കഴിഞ്ഞ വർഷം ദേശീയ ഗെയിംസിൽ മൽസരിച്ചതോടെയാണ് ഖദീജ ചരിത്ര നേട്ടം കൈവരിച്ചത്. റിയാദ് നജദ് ക്ലബിനു വേണ്ടി റാക്കറ്റേന്തിയ ഖദീജ തോൽവി അറിയാതെയാണ് ഫൈനലിൽ വിജയിച്ച് 10 ലക്ഷം റിയാൽ സമ്മാനം നേടിയത്. ഒരു സ്വപ്നമുണ്ടെങ്കിൽ അത് സാധ്യമാക്കാനായി പരിശ്രമിക്കുക, പോരാടുക, മറ്റുള്ളവരെന്തു പറയുമെന്ന് കരുതി പാതിവഴിയിൽ സ്വപ്നം ഉപേക്ഷിക്കാതിരിക്കുക അതാണ് തന്റെ കായികജീവിത സ്വപ്നങ്ങള്‍ക്ക് കരുത്തു പകരുന്നതെന്ന് ഖദീജ നിസ പറയുന്നു. മറ്റു സഹോദരങ്ങൾ നേഹ ലത്തീഫ്, ഹെയ്സ് മറിയം എന്നിവരാണ്. മാതാവ് ഷാനിത. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക