പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരാൾക്കൊപ്പം കഴിയുന്നത് ‘ലിവ് ഇൻ റിലേഷൻഷിപ്പ’ല്ല, കുറ്റകരമെന്ന് കോടതി

0
801

പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതിനെ ലിവ് ഇൻ റിലേഷൻഷിപ്പായോ റിലേഷൻഷിപ്പായോ പോലും കാണാൻ സാധിക്കില്ല എന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുകയായിരുന്ന യുവാവും യുവതിയും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം. 

സ്ത്രീയുടെ കുടുംബത്തിൽ നിന്നും കൊല്ലുമെന്ന ഭീഷണിയുണ്ട് എന്ന് കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. എന്നാൽ, കോടതി ഇവരുടെ ഹർജി തള്ളിക്കളയുകയായിരുന്നു. ഭാര്യയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് ഐപിസി 494/ 495 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് എന്നും ജസ്റ്റിസ് കുല്‍ദീപ് തിവാരി നിരീക്ഷിച്ചു. ഒപ്പം, ഇങ്ങനെയുള്ള ബന്ധങ്ങളെ ലിവ് ഇൻ റിലേഷൻഷിപ്പായോ റിലേഷൻഷിപ്പ് പോലുമായോ കണക്കാക്കാൻ കഴിയില്ല എന്നും കോടതി പറഞ്ഞു. 

തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ട് എന്ന് കാണിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ, ഹർജിക്കാർ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ട് എന്നും ജീവന് ഭീഷണിയുണ്ട് എന്ന് തെളിയിക്കുന്ന ഒരു വിവരവും നൽകാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല എന്നും കോടതി പറഞ്ഞു. ഹർജി നൽകിയ യുവാവ് വിവാഹിതനാണ്, രണ്ട് കുട്ടികളുണ്ട്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയുമായി പിരിഞ്ഞാണ് കഴിയുന്നത്. കുട്ടികൾ അവരുടെ അമ്മയ്‍ക്കൊപ്പമാണ് കഴിയുന്നത്. അതേസമയം ഹർജി നൽകിയിരിക്കുന്ന യുവതി അവിവാഹിതയാണ്.