റിയാദ്: കഴിഞ്ഞ മാസം നാലിന് സഊദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി സബീർ അലിയുടെ മൃതദേഹം സംസ്കരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സില്‍ (ഈട്ടിവിള വീട്ടില്‍) അലിയാരു കുഞ്ഞ് – റംലാ ബീവി ദമ്പതികളുടെ മകന്‍ സബീര്‍ അലിയുടെ (42) മൃതദേഹമാണ് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ ഖബറടക്കിയത്.
വർഷങ്ങളായി ബുറൈദയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു സബീര്‍ അലി. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് നേതൃത്വം നൽകി. സൗദിയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിന് കാലതാമസമുണ്ടായതാണ് ഖബറടക്കം വൈകാൻ കാരണമെന്ന് കെ.എം.സി.സി ഭാരവാഹി ബഷീർ വെള്ളില പറഞ്ഞു. ലാമിയയാണ് സബീറിന്റെ ഭാര്യ. മക്കള്‍ – ആലിയ, ആദില്‍.