പഴയങ്ങാടി: വിസയും ജോലിയും വാഗ്ദാനം ചെയ്ത് 5.35 ലക്ഷം രൂപ തട്ടിയ യുവാവ് പൊലീസ് പിടിയിൽ. പഴയങ്ങാടി എരിപുരം സ്വദേശി എ.വി. സജിത് പത്മനാഭനാണ് (37) ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് പഴയങ്ങാടി എ.എസ്.ഐ പ്രസന്നൻ, സി.പി.ഒമാരായ ചന്ദ്രകുമാർ, സിയാദ് എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്. പഴയങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.എൻ. സന്തോഷ് കുമാർ ഇയാളെ അറസ്റ്റ് ചെയ്തു.
ചൊവാഴ്ച കോടതിയിൽ ഹാജരാക്കും. കൊട്ടില സ്വദേശി പി. വൈശാഖിന്റെ പരാതിയിലാണ് പഴയങ്ങാടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്പെയിനിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് 2020 മുതൽ വൈശാഖിൽ നിന്ന് സജിത് കുമാർ ബാങ്ക് വഴിയാണ് പണം കൈപറ്റിയത്. ചെറുകുന്ന് സ്വദേശികളിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതുൾപ്പടെ പയ്യന്നൂര്‍, തളിപ്പറമ്പ് ,കണ്ണപുരം, പരിയാരം സ്റ്റേഷനുകളിലും ജില്ലക്ക് പുറത്തും 2020 മുതൽ ഇയാൾക്കും കൂട്ടുപ്രതികൾക്കുമെതിരെ കേസുണ്ട്.