സഊദിയിലേക്ക് ആർക്കും വരാം ബിസിനസ് വിസയിൽ; നിബന്ധനകൾ അറിയാം

0
2795

റിയാദ്: നയതന്ത്ര പാസ്പോർട്ടോ അല്ലെങ്കിൽ പ്രത്യേക പാസ്‌പോർട്ടുകളോ കൈവശമുള്ള നിക്ഷേപകരെ ബിസിനസ് വിസിറ്റ് വിസ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി. ഔദ്യോഗിക സ്രോതസ്സുകളെ ഉദ്ധരിച്ച് അഷർഖ് അൽ-അവ്സത്ത് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരം പാസ്പോർട്ടിൽ വരുന്ന നിക്ഷേപകർ നയതന്ത്രജ്ഞർ എന്ന ഔദ്യോഗിക പദവിയിൽ ഇരിക്കുന്നവർ ആകരുതെന്നും നിബന്ധനയുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി വിദേശകാര്യ മന്ത്രാലയം (MOFA), നിക്ഷേപ മന്ത്രാലയവുമായി (MISA) സഹകരിച്ച് “വിസിറ്റിംഗ് ഇൻവെസ്റ്റർ” എന്ന പേരിൽ ഇലക്ട്രോണിക് ബിസിനസ് വിസിറ്റ് വിസകൾ നൽകുന്നതിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ചയാണ് തുടക്കമിട്ടത്. ബിസിനസ് വിസിറ്റ് വിസയുടെ രണ്ടാം ഘട്ടത്തിൽ ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിസിനസ് വിസ ലഭിക്കുന്നതിനുള്ള ഒന്നാം ഘട്ട നിബന്ധനകൾ

മന്ത്രാലയ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പാസ്‌പോർട്ടിന്റെ സാധുത, വിസ ഫീസ്, കാലാവധി എന്നിവ സംബന്ധിച്ച് സഊദിയും മറ്റ് രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ഉഭയകക്ഷി കരാറുകൾ പ്രകാരം ആയിരിക്കണം. പാസ്സ്പോർട്ട് കാലാവധി ആറ് മാസത്തിൽ കുറയാത്ത സാധുതയുള്ളതായിരിക്കണം. സഊദിയിൽ അംഗീകരിച്ച മെഡിക്കൽ ഇൻഷുറൻസ് എടുക്കുകയും വേണം

നിക്ഷേപകൻ തന്റെ പ്രധാന ലക്ഷ്യമായി ബിസിനസ് ആവശ്യർത്ഥം ആയിരിക്കണം എത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കണം. ഇത്തരം വിസയിൽ വരുന്നവർക്ക് ഹജ്ജ് ചെയ്യാനോ ഹജ്ജ് സമയത്ത് ഉംറ നിർവ്വഹിക്കാനോ അനുവാദം ഉണ്ടായിരിക്കില്ല. ഹജ്ജ് വിസ നേടിയ ശേഷമല്ലാതെ ഹജ്ജിൽ സംബന്ധിക്കാനോ ഹജ്ജ് സീസണിലെ പ്രത്യേക വിസകൾ നേടിയ ശേഷമല്ലാതെ കൂലിയുള്ളതോ ശമ്പളമില്ലാത്തതോ ആയ ജോലികളിൽ ഏർപ്പെടാനോ പാടില്ല. അനുവദിച്ച വിസയിൽ പറഞ്ഞിരിക്കുന്ന അനുവദനീയമായ താമസ കാലയളവ് പൂർണ്ണമായും പാലിക്കണമെന്നും സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടു.

“വിസിറ്റിംഗ് ഇൻവെസ്റ്റർ” വിസ ബിസിനസുകാർക്ക് രാജ്യം സന്ദർശിക്കാനും വൈവിധ്യമാർന്നതും വാഗ്ദാനപ്രദവുമായ മേഖലകൾ പര്യവേക്ഷണം ചെയ്യാനും പ്രകൃതി വിഭവങ്ങളെക്കുറിച്ചും ലോകത്തിന്റെ മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള അതിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സ്ഥാനത്തെക്കുറിച്ചും പഠിക്കാനും പ്രാപ്തരാക്കുന്നു.

നിക്ഷേപ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന “ഇൻവെസ്റ്റ് ഇൻ സഊദി അറേബ്യ” എന്ന പ്ലാറ്റ്‌ഫോം വഴി വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപകർക്കും ജീവനക്കാർക്കും ഇലക്ട്രോണിക് വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം നൽകാനാണ് പുതിയ വിസ സേവനം ലക്ഷ്യമിടുന്നത്. വിദേശകാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഇത് ഡിജിറ്റലായി നൽകുന്നത്. വിസ ഒരു വർഷത്തിനുള്ളിൽ വിവിധ സമയങ്ങളിൽ വന്ന് പോകാൻ സാധിക്കുന്ന മൾട്ടിപ്പിൾ വിസയായിരിക്കും ലഭിക്കുക. രാജ്യം സന്ദർശിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ അവലോകനം ചെയ്യുന്നതിനുമായി ഗുണഭോക്താക്കൾക്ക് ഉടൻ തന്നെ വിസ നേടാനാകും.

സഊദി അറേബ്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് അറിയാനുള്ള നിക്ഷേപകരുടെ യാത്ര സുഗമമാക്കുന്നതിനും സഊദി അറേബ്യയെ ആകർഷകമായ മത്സരക്ഷമതയുള്ള ഒരു മുൻനിര നിക്ഷേപ ശക്തിയായി ഉയർത്തുന്നതിനും സഊദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനുമാണ് പുതിയ നിക്ഷേപ വിസ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണിലാണ് വിദേശകാര്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലെ പൗരന്മാരായ നിക്ഷേപകർക്കായി ബിസിനസ് വിസിറ്റ് വിസയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക